ഫാരിസ് അബൂബക്കർ കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രി; പി സി ജോർജ്

ഫാരിസ് അബൂബക്കർ കേരളത്തിന്‍റെ നിഴൽ മുഖ്യമന്ത്രിയാണെന്ന് പി സി ജോർജ്. ആറു വർഷമായി പിണറായി മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്നു എന്നേ ഉള്ളൂ നിയന്ത്രണം ഫാരിസിനാണ് എന്നും പി സി ജോർജ് പറഞ്ഞു. 2009 ൽ കോഴിക്കോട് ലോക്‌സഭ സീറ്റിൽ വീരേന്ദ്രകുമാറിനെ മാറ്റി അത് ഫാരിസിന് കൊടുത്തു. ഫാരിസ് നിർത്തിയ സ്ഥാനാർഥിയാണ് മുഹമ്മദ് റിയാസ്. 2004 ലെ മലപ്പുറം സമ്മേളനം മുതൽ പിണറായിയുടെ മെന്‍റർ ആണ് ഫാരിസ്. മലപ്പുറത്ത് ഒളിച്ചു താമസിച്ചാണ് ഫാരിസ് വി എസിനൊപ്പമുള്ള പ്രതിനിധികളെ മറിച്ചത്. കഴിഞ്ഞ ആറു വർഷമായി കേരളത്തിൽ ആരും ഫാരിസിനെ കണ്ടിട്ടില്ല. കണ്ടത് പിണറായി വിജയൻ മാത്രമാണെന്നും പി സി ജോർജ് പറഞ്ഞു. മുഖ്യമന്ത്രിയുടെ രണ്ടു മക്കളുടെ കല്യാണങ്ങൾക്കും തലേ ദിവസം ഫാരിസ് എത്തിയിരുന്നു. തന്‍റെ ആരോപണങ്ങൾക്ക് മറുപടി നൽകാൻ ഇല്ലാത്തത് കൊണ്ടാണ് സി പി എം അവഗണിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു.

എ കെ ജി സെന്‍റർ ആക്രമണം നടത്തിയ പ്രതിയെ പിടിച്ചാൽ ഏതെങ്കിലും സി പി എം നേതാക്കളുടെ മക്കളാവും പ്രതിയാവുകയെന്നും പി സി ജോർജ് ആരോപിച്ചു. സ്ഫോടനത്തിനു പിന്നാലെ കലാപ ആഹ്വാനം നടത്തിയത് ഇ.പി.ജയരാജൻ ആണ്. തനിക്കെതിരെ കേസ് എടുത്ത പൊലീസ് ജയരാജനെതിരെ കേസ് എടുക്കുന്നില്ല. പിണറായിയും കോടിയേരിയും ജയരാജനും അറിയാതെ എ കെ ജി സെന്‍റർ ആക്രമണം നടക്കില്ലയെന്നും പി സി ജോർജ് പറഞ്ഞു. അതേസമയം നിഗൂഢതകളുടെ കൂമ്പാരമാണ് വീണ വിജയൻറെ സ്ഥാപനമെന്നും അവർ ആദ്യം ജോലി ചെയ്ത സ്ഥാപനം അവർക്കതിരെ നിയമനടപടി സ്വീകരിക്കുന്നുവെന്ന് കേൾക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇതിനെ കുറിച്ച് മറ്റൊരു അവസരത്തിൽ വിശദമായി പറയാമെന്നാണ് പി സി ജോർജ് മാധ്യമങ്ങളോട് പറഞ്ഞത്.

Top