Farewell Gift; Collector Drives Chauffeur To Work On Retirement Day

മഹാരാഷ്ട്ര: ചരിത്രത്തിലെ അപൂര്‍വ്വ യാത്രയയപ്പിന് സാക്ഷ്യം വഹിച്ച് മഹാരാഷ്ട്ര.

ഐഎഎസ് പദവിയുടെ ‘പവര്‍’ മാറ്റിവച്ച് തേരാളിക്ക് അപൂര്‍വ്വമായ യാത്രയയപ്പ് നല്‍കി ഭരണകൂടത്തേയും ജനങ്ങളെയും അമ്പരപ്പിച്ചത് മഹാരാഷ്ട്രയിലെ അകോല കളക്ടറായ ശ്രീകാന്താണ്.

കളക്ടറുടെ ഡ്രൈവറായി 35 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന ദിഗംബര്‍ താക്കിനെ കളക്ടറുടെ ഔദ്യോഗിക വാഹനത്തില്‍ ഇരുത്തി സ്വയം ഡ്രൈവ് ചെയ്താണ് കളക്ടര്‍ ചരിത്രത്തിലേക്ക് വാഹനമോടിച്ച് കയറ്റിയത്.

akola collector

ബീക്കണ്‍ ലൈറ്റ് പിടിപ്പിച്ച ഔദ്യോഗിക വാഹനത്തിന്റെ പിന്‍സീറ്റിലാണ് ദിഗംബര്‍ താക്കിനെ കളക്ടര്‍ ഇരുത്തിയത്. ഒരു കല്യാണ വണ്ടി പോലെ അലങ്കരിച്ച കാറില്‍ യൂണിഫോം അണിഞ്ഞ ഡ്രൈവറെ പിന്നില്‍ കയറ്റി കാറോടിച്ചു പോകുന്ന കളക്ടറെ കണ്ടവരെല്ലാം ആദ്യം അമ്പരന്നു.

’35 വര്‍ഷം അദ്ദേഹം തന്റെ നാടിനെ സേവിച്ചു. ഓരോ ദിവസവും കളക്ടര്‍മാരെ സുരക്ഷിതരായി അവരുടെ ജോലിസ്ഥലങ്ങളിലെത്തിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷ കാട്ടി. ഈ യാത്രയയപ്പു വേള അതിനുള്ള നന്ദിപ്രകടനത്തിന് ഉപയോഗിക്കണമെന്ന് ഞാന്‍ തീരുമാനിച്ചു’ തന്റെ നടപടിയെ ന്യായീകരിച്ച് കളക്ടര്‍ ശ്രീകാന്ത് പറഞ്ഞു.

ഓഫീസില്‍ നടന്ന യാത്രയയപ്പ് സമ്മേളനത്തിന് കളക്ടര്‍ ഓടിച്ച കാറിലാണ് ദിഗംബര്‍ എത്തിയത്. സഹപ്രവര്‍ത്തകര്‍ക്കെല്ലാം അത് പുതിയ അനുഭവമായി. തൊഴിലിന്റെ മഹത്വം അംഗീകരിക്കുന്ന ഈ പ്രവൃത്തി 18 കളക്ടര്‍മാരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ച ദിഗംബര്‍ താക്കിന് അനുയോജ്യമായ സമ്മാനവുമായി.

കര്‍ക്കശമായ നിലപാടുകളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് അകോല കളക്ടറായ ശ്രീകാന്ത്.ഡ്രൈവര്‍മാരെയും ഗണ്‍മാനെയുമെല്ലാം അടിയാളന്മാരായി കാണുന്ന ഐഎഎസ് ഓഫീസര്‍മാര്‍ക്കിടയിലെ വേറിട്ട ശബ്ദമാണ് ഇദ്ദേഹത്തിന്റേത്.

Top