വംശീയ പരാമര്‍ശം: മായങ്ക് അഗര്‍വാളിനെ കളിയാക്കിയ ഓസീസ് കമന്റേറ്റര്‍ ഒടുവില്‍ മാപ്പു പറഞ്ഞു

മെല്‍ബണ്‍: പെര്‍ത്തില്‍ ഇന്ത്യയ്‌ക്കേറ്റ പരാജയം മായ്ക്കുവാനായി ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസീസിനെതിരെ കലക്കന്‍ അര്‍ധസെഞ്ച്വറി നേടിയ മായങ്ക് അഗര്‍വാളിനെതിരെ വംശീയ വിമര്‍ശനം. ഓസീസ് കമന്റേറ്റര്‍ കെറി ഒക്കീഫ് ആണ് മായങ്ക് അഗര്‍വാളിനെതിരെ വംശീയ പരാമര്‍ശം നടത്തിയത്.

ഫോക്‌സ് സ്‌പോര്‍ട്‌സിനായി കമന്ററി പറയുന്നതിനിടെയാണ് ഒക്കീഫി മായങ്കിനെതിരെ വംശീയ പരാമര്‍ശം നടത്തിയത്. മായങ്ക് അര്‍ധസെഞ്ച്വറി പിന്നിട്ടപ്പോള്‍ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മായങ്ക് ട്രിപ്പിള്‍ സെഞ്ച്വറി നേടിയതിനെക്കുറിച്ച് ഒക്കീഫി പറഞ്ഞത് ഇങ്ങനെയായിരുന്നു. മായങ്ക് രഞ്ജിയില്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറി ക്യാന്റീന്‍ ഇലവനെതിരെ നേടിയതിന് സമാനമാണ്. അവിടെ ബൗളര്‍മാര്‍ ഷെഫുമാരും വെയ്റ്റര്‍മാരുമായിരിക്കും. ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റ് സംവിധാനത്തെയും ഒക്കീഫി വിമര്‍ശിച്ചു.

കൂടാതെ മറ്റൊരു കമന്റേറ്റര്‍ ആയ മാര്‍ക് വോ പറഞ്ഞത് ഇന്ത്യക്കായി അര്‍ധസെഞ്ചുറി നേടിയെന്ന് പറഞ്ഞാല്‍ ഓസ്‌ട്രേലിയക്കായി 40 റണ്‍സ് നേടുന്നത് പോലെ ആണെന്നായിരുന്നു. ഓസീസ് കമന്റേറ്റര്‍മാരുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അതിരൂക്ഷ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.

ഒക്കീഫിയുടെയും മാര്‍കിന്റെയും പരാമര്‍ശം പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അവര്‍ക്കെതിരെ വന്‍ വിമര്‍ശനമാണ് നടക്കുന്നത്. പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് ഒക്കീഫി ഒടുവില്‍ മാപ്പു പറഞ്ഞു.

Top