വിജയ്ക്ക് ഗംഭീര വരവേൽപ്പുമായി ആരാധകർ;എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’ എന്ന് താരത്തിന്റെ പുതിയ വിശേഷണം

മിഴ് വെട്രി കഴകം എന്ന തന്‍റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട് വിജയ്. പുതുച്ചേരിയിലെ പാഞ്ചാലയില്‍ ദി ഗ്രേറ്റസ്​റ്റ് ഓഫ് ഓള്‍ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വന്ന ആരാധകരെയാണ് വിജയ് വാനിന്‍റെ മുകളില്‍ കയറി കണ്ടത്. പുഷ്​പ വൃഷ്​ടിയോടെയും ഹാരമെറിഞ്ഞുമാണ് ആരാധകര്‍ വിജയ്​യെ സ്വീകരിച്ചത്. ആരാധകരെ കൈ വീശി കാണിച്ച വിജയ് അവര്‍ക്കൊപ്പം ഒരു സെല്‍ഫി വീഡിയോയും എടുത്തു. ആരാധകര്‍ തടിച്ചുകൂടിയതോടെ പുതുച്ചേരി– കടലൂര്‍ റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു വിജയ് ആരാധകരെ കാണാന്‍ നേരില്‍ വന്നത്.

സിനിമ പ്രമോഷൻ വേദികളിലും ഫാൻസ് അസോസിയേഷൻ വേദികളിലും ആരാധകരോട് സംസാരിക്കുമ്പോൾ പതിവായി ഉപയോഗിച്ചിരുന്ന അഭിസംബോധനയിൽ മാറ്റം വരുത്തി ഇളയദളപതി വിജയ്. ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും രസികര്‍കളെ’ എന്നാണ് ഇക്കാലമത്രയും അദ്ദേഹം ആരാധകരെ അഭിസംബോധന ചെയ്തിരുന്നത്. എന്നാൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചതിനു ശേഷം ‘എന്‍ നെഞ്ചില്‍ കുടിയിരുക്കും തോഴര്‍കളെ’ എന്നാണ് താരത്തിന്റെ പുതിയ അഭിസംബോധന.

രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചശേഷം വിജയ് പുറത്തിറക്കിയ പ്രസ്താവനയിലെ അഭിസംബോധനയിലുണ്ടായ മാറ്റം ഏവരും ശ്രദ്ധിച്ചു. പുതിയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ഔദ്യോഗിക ലെറ്റർ പാഡിൽ പുറത്തിറക്കിയ കുറിപ്പിൽ തന്റെ രാഷ്ട്രീയ യാത്രയിൽ ആശംസ അറിയിച്ച എല്ലാവരോടും നന്ദി അറിയിക്കുകയാണ് അദ്ദേഹം. അക്കൂട്ടത്തിൽ ആരാധകരെ അഭിസംബോധന ചെയ്യുന്നിടത്താണ് രസികര്‍കളെ എന്ന വാക്കിനു പകരം തോഴർകളെ എന്നു  ഉപയോഗിച്ചിരിക്കുന്നത്. ഇനി ആരാധകരെ വിജയ് ഇങ്ങനെയാകുമോ അഭിസംബോധന ചെയ്യുക എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പുതിയ ചർച്ച.

Top