വുകോമാനോവിച്ച് ഒളിപ്പിച്ചുവെച്ച അദ്ഭുതങ്ങള്‍ എന്തൊക്കെ? ബ്ലാസ്റ്റേഴ്സ് ആരാധകർ ആകാംക്ഷയിൽ

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എട്ടാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ പോരാട്ടത്തിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഇവാന്‍ വുകോമാനോവിച്ചിലേക്കാണ്. ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ വുകോമാനോവിച്ച് ഒളിപ്പിച്ചുവെച്ച അദ്ഭുതങ്ങള്‍ എന്തൊക്കെയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. വുകോമാനോവിച്ച് സംസാരിക്കുന്നു.

“എല്ലാവര്‍ക്കും ജയിക്കാന്‍ കഴിയുമെന്നതാണ് ഫുട്ബോളിന്റെ സൗന്ദര്യം. പക്ഷേ, അതു സാധ്യമാകണമെങ്കില്‍ എല്ലാവരും അതിനനുസരിച്ച് പണിയെടുക്കണം. ഇതെന്റെ ആദ്യത്തെ ഐ.എസ്.എലാണ്. ഒരോ മത്സരവും ഓരോ ദിവസവും എനിക്കു പ്രധാനപ്പെട്ടതാണ്. മികച്ച സീസണ്‍ ടീമിനു ലഭിക്കുമെന്നാണ് പ്രതീക്ഷ.

ഐ.എസ്.എലിനൊരുങ്ങാന്‍ കൊച്ചിയില്‍ ലഭിച്ച ദിനങ്ങള്‍ നന്നായി ഉപയോഗിച്ചു. പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ കുറച്ചു സൗഹൃദമത്സരങ്ങള്‍ കളിക്കാന്‍ കഴിഞ്ഞതിനാല്‍ ടീമിന്റെ ഘടനയെപ്പറ്റി ധാരണയുണ്ടാക്കാനായി. ഡ്യൂറന്റ് കപ്പിലെ പ്രകടനത്തേക്കാള്‍ അവിടെ കളിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങള്‍ ഭാവിയില്‍ ടീമിന് ഉപകാരപ്പെടും.

യുറഗ്വായ് താരം അഡ്രിയാന്‍ ലൂണ, സ്പാനിഷ് താരം അല്‍വാരോ വാസ്‌ക്വസ് എന്നിവരെ ശ്രദ്ധിക്കണം. പന്തുമായി ഓരോ നിമിഷവും എങ്ങനെ കളിക്കണമെന്നു വ്യക്തമായി അറിയാവുന്ന താരമാണ് ലൂണ. ബോക്സ് ടു ബോക്സ് സാന്നിധ്യമറിയിക്കുന്ന ലൂണ ഈ ഐ.എസ്.എലിലെ മികച്ച കളിക്കാരിലൊരാളാകും. ഫൈനല്‍ തേഡില്‍ എപ്പോഴും അപകടംവിതയ്ക്കാന്‍ വാസ്‌ക്വസിന് കഴിയും.

ലോകഫുട്ബോളിലെ എന്റെ പ്രിയതാരം ഫ്രാന്‍സിന്റെ സിനദിന്‍ സിദാനാണ്. സിദാനെതിരേ ഞാന്‍ കളിച്ചിട്ടുണ്ട്. ഏറ്റവും ഇഷ്ടപ്പെട്ട ക്ലബ്ബ് റയല്‍ മഡ്രിഡാണ്. സിനിമ കാണലും പുസ്തകവായനയുമാണ് ഹോബികള്‍. ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പാസ്തയാണ്. പാസ്തയ്‌ക്കൊപ്പം സീഫുഡും കിട്ടിയാല്‍ ഞാന്‍ ഹാപ്പി.”

Top