രണ്ടാം ഇന്നിങ്സിൽ നിരാശപ്പെടുത്തിയതിന് പിന്നാലെ രജത് പാടീദാറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലും നിരാശപ്പെടുത്തിയതിന് പിന്നാലെ യുവതാരം രജത് പാടീദാറിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. തുടര്‍ച്ചയായ മൂന്നാം ടെസ്റ്റിലും അവസരം നല്‍കിയിട്ടും പാടീദാറിന് മികവ് കാട്ടാനായില്ല. ആദ്യ ഇന്നിംഗ്സില്‍ 42 പന്തില്‍ 17 റണ്‍സെടുത്ത് പുറത്തായ താരത്തിന് രണ്ടാം പന്തില്‍ ആറ് മാത്രമായിരുന്നു ആയുസ്. റണ്‍സൊന്നുമെടുക്കാതെ ഷൊയ്ബ് ബഷീറിന്റെ പന്തില്‍ ലെഗ് സ്ലിപ്പില്‍ ലെഗ് സ്ലിലപ്പില്‍ ഒല്ലി പോപ്പിന് ക്യാച്ച് നല്‍കി മടങ്ങി. ആദ്യ ഇന്നിംഗ്സിലും ബഷീറിനായിരുന്നു വിക്കറ്റ് നല്‍കിയത്. നാല് ബൗണ്ടറികള്‍ നേടി നല്ല തുടക്കമിട്ടാണ് ആദ്യ ഇന്നിംഗ്സില്‍ പാടീദാര്‍ പുറത്താവുന്നത്.

കോലിക്കൊപ്പം കെ എല്‍ രാഹുലും ഇല്ലാതിരുന്നതോടെയാണ് രണ്ടാം ടെസ്റ്റ് മുതല്‍ രജത് പാടീദാറിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചത്. ഒരു ഇന്നിംഗ്സിില്‍ ഒന്നില്‍ പോലും പാടീദാറിന് അര്‍ധസെഞ്ചുറി പോലും നേടാനായില്ല. എന്നാല്‍ കഴിഞ്ഞ ടെസ്റ്റില്‍ അരങ്ങേറിയ സര്‍ഫറാസ് ഖാനാകട്ടെ അരങ്ങേറ്റ ടെസ്റ്റിലെ രണ്ട് ഇന്നിംഗ്സുകളിലും അര്‍ധസെഞ്ചുറികളുമായി തിളങ്ങുകയും ചെയ്തു.തുടര്‍ച്ചയായി ആറാം ഇന്നിംഗ്സിലും നിരാശപ്പെടുത്തിയതോടെ രജത് പാടീദാറിനെ പരിഹസിക്കുകയാണ് ആരാധകര്‍. ടെസ്റ്റ് ഭാവിയുടെ കാര്യത്തില്‍ തീരുമാനമായെന്നും താങ്കളുടെ സേവനങ്ങള്‍ക്ക് പെരുത്ത നന്ദിയുണ്ടെന്നും ആരാധകര്‍ എക്സില്‍ കുറിച്ചു. സൂര്യകുമാര്‍ യാദവിന്റെ ടെസ്റ്റ് ക്രിക്കറ്റ് അരങ്ങേറ്റം പോലെയായി രജത് പാടീദാറിന്റെ ടെസ്റ്റ് അരങ്ങേറ്റമെന്നാണ് ഇനിയും ചിലര്‍ പറയുന്നത്.

ആറ് ഇന്നിംഗ്സുകളില്‍ നിന്നായി പാടീദാര്‍ നേടിയത് 63 റണ്‍സാണ്. 10.50 മാത്രമാണ് ശരാശരി. വിരാട് കോലിക്ക് പകരം ടീമിലെത്തിയ പാടീദാര്‍ വിശാഖപട്ടണത്ത് അരേങ്ങറ്റ ടെസ്റ്റില്‍ 32 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ ഒമ്പത് റണ്‍സിനും പുറത്തായി. രാജ്കോട്ടില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അഞ്ച് റണ്‍സായിരുന്നു സമ്പാദ്യം. രണ്ടാം ഇന്നിംഗ്സില്‍ റണ്‍സൊന്നുമെടുക്കാതേയും പുറത്തായി. റാഞ്ചിയില്‍ നടന്ന നാലാം ടെസ്റ്റിലും ടീം മാനേജ്മെന്റ് പാടീദാറില്‍ വിശ്വാസമര്‍പ്പിച്ചു. 17, 0 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. ധരംശാലയില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ പാടീദാറിന് പകരം മലയാളി താരം ദേവ്ദത്ത് പടിക്കലിനെ കളിപ്പിക്കാന്‍ സാധ്യതയേറെയാണ്.

Top