‘ആദ്യകാമുകന്‍ ധോണി’; ക്രിക്കറ്റിനിടെ ഗാലറിയില്‍ നിന്നൊരു പ്രണയാഭ്യര്‍ഥന

പൂനെ: ക്രിക്കറ്റ് ആരാധകരുടെ പ്രിയതാരമാണ് മഹേന്ദ്രസിങ് ധോണി. ധോണിയുടെ ആരാധകരില്‍ നല്ലൊരു വിഭാഗവും പെണ്‍കുട്ടികളാണ്. വിവാഹമൊക്കെ കഴിഞ്ഞെങ്കിലും ധോണിയോടിപ്പോഴും പെണ്‍കുട്ടികള്‍ക്ക് പ്രണയവും ആരാധനയുമാണ്.

കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരം അത്തരത്തിലൊരു പ്രണയനിമിഷത്തിന് സാക്ഷ്യം വഹിച്ചു. ധോണിയോടുള്ള കടുത്ത ആരാധന ഒരു ആരാധിക വെളിപ്പെടുത്തി. ലൈവ് മത്സരത്തിനിടെ ഗാലറിയില്‍ നിന്നായിരുന്നു ഈ പ്രണയാഭ്യര്‍ത്ഥന. ഗാലറിയില്‍ ഒരു പ്ലക്കാര്‍ഡും കൈയില്‍ പിടിച്ച് നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ നേരെ പെട്ടെന്ന് ക്യാമറ തിരിയുകയായിരുന്നു.

‘ഭാവി വരന്‍ ക്ഷമിക്കുക, എന്റെ ആദ്യകാമുകന്‍ എന്നും ധോണിയായിരിക്കും, ഐ ലവ് യൂ മഹീ’, പ്ലക്കാര്‍ഡില്‍ ഇങ്ങനെ എഴുതിയിരുന്നു. ആരാധികയും ഈ പ്രണയാഭ്യര്‍ഥനയും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഐസിസി ട്വിറ്റര്‍ പേജിലൂടെ ഈ ചിത്രം പങ്കുവെക്കുകയും ചെയ്തു.

Top