പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ പ്രൊഫ. സി.ആര്‍ ഓമനക്കുട്ടന്‍ (80) അന്തരിച്ചു. ഹൃദായഘാതം മൂലം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ജേതാവാണ്. ചലചിത്ര സംവിധായകന്‍ അമല്‍നീരദ് മകനാണ്.

ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്കാണ് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയത്. ഇരുപതു വര്‍ഷമായി ‘ദേശാഭിമാനി’യില്‍ നടുക്കോളം എന്ന പംക്തി എഴുതി.ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. പെണ്ണമ്മ – രാഘവന്‍ ദമ്പതികളുടെ മകനായി കോട്ടയത്ത് ജനിച്ചു.

കോട്ടയം നായര്‍സമാജം ഹൈസ്‌കൂള്‍, സി.എം.എസ്. കോളജ്, കൊല്ലം എസ്.എന്‍. കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തനം നടത്തിയ ഓമനക്കുട്ടന്‍, നാലു വര്‍ഷത്തിലേറെ കേരള സര്‍ക്കാരിന്റെ പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തു. പിന്നീട് സര്‍ക്കാര്‍ കോളജുകളില്‍ മലയാളം ലക്ചറര്‍ ആയും പ്രവര്‍ത്തിച്ചു.ഏറെക്കാലം എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്നു.

Top