പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും വയലിന്‍ അധ്യാപകനുമായ ബി.ശശികുമാര്‍(74) അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30-ഓടെ ജഗതിയിലെ ‘വര്‍ണ’ത്തിലായിരുന്നു അന്ത്യം. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അനന്തരവനാണ്. ആകാശവാണി ആര്‍ട്ടിസ്റ്റായിരുന്നു. ശശികുമാറിന് ധാരാളം ശിഷ്യരുണ്ടായിരുന്നു. മലയാളം, തമിഴ് കീര്‍ത്തനങ്ങളും ആകാശവാണിക്കുവേണ്ടി നാടകങ്ങളും രചിച്ചിട്ടുണ്ട്. കേന്ദ്ര സംഗീത-നാടക അക്കാദമിയുടെ പുരസ്‌കാരവും കേരള സംഗീത-നാടക അക്കാദമി ഫെല്ലോഷിപ്പും നേടിയിട്ടുണ്ട്.

സ്വാതിതിരുനാള്‍ കോേളജില്‍നിന്ന് ഗാനഭൂഷണവും ഗാനപ്രവീണും പാസായി. സ്വാതിതിരുനാള്‍ സംഗീത കോേളജില്‍ അധ്യാപകനായിരുന്നു. വയലിന്‍ കച്ചേരി അവതരിപ്പിക്കുന്നതിനൊപ്പം ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍, ബാലമുരളീകൃഷ്ണ, ഡി.കെ.ജയരാമന്‍ തുടങ്ങി പ്രശസ്തരായ സംഗീതജ്ഞര്‍ക്കൊപ്പവും വയലിന്‍ വായിച്ചിട്ടുണ്ട്. എം.കെ.ഭാസ്‌കരപ്പണിക്കരുടെയും ജി.സരോജിനിയമ്മയുടെയും മകനായി തിരുവല്ലയിലായിരുന്നു ജനനം. ജി.ശാന്തകുമാരി, ബി.ശ്രീകുമാരി, ബി.ഗിരിജ, സതീഷ് കുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Top