പ്രശസ്ത തെലുങ്ക് നടന്‍ ചിരഞ്ജീവിയ്ക്ക് ഇന്ന് പിറന്നാള്‍

പ്രശസ്ത തെലുങ്ക് ചലച്ചിത്ര നടന്‍ ചിരഞ്ജീവിയ്ക്ക് ഇന്ന് പിറന്നാള്‍.സിനിമകളില്‍ അവസരം തേടി മദ്രാസ്സില്‍ അലഞ്ഞു തിരിഞ്ഞും പട്ടിണി കിടന്നും നേടിയെടുത്തതാണ് തെലുങ്കിലെ മെഗാതാരം എന്ന പദവി. 1955 ഓഗസ്റ്റ് 22-ന് വെങ്കടറാവു-അഞ്ജനാദേവി ദമ്പതികളുടെ മകനായി ആന്ധ്രാ പ്രദേശില്‍ ജനനം. കൊനിഡെല ശിവശങ്കര വരപ്രസാദ് എന്ന ബാലന്റെ സിനിമാ മോഹങ്ങളൊന്നും നടത്തി കൊടുക്കാനുള്ള ബന്ധങ്ങള്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആയ പിതാവിന് ഉണ്ടായിരുന്നില്ല. അവിടെ നിന്നാണ് അയാള്‍ സ്വയം വളര്‍ന്ന് ചിരഞ്ജീവി ആയി മാറിയത്.

1978-ല്‍ പുനാദി രല്ലു എന്ന ചിത്രത്തിനുവേണ്ടി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിയിരുന്നെകിലും ആദ്യം പുറത്തിറങ്ങിയ ചിത്രം കെ. വാസു സംവിധാനം ചെയ്ത പ്രണാം ഖരീദു ആയിരുന്നു. 1987-ല്‍ പശിവടി പ്രണാം എന്ന ചിത്രം പുറത്തിറങ്ങിയതോടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കുയര്‍ന്നു. 1988ല്‍ പുറത്തിറങ്ങിയ കെ.എസ്. രാമറാവുവിന്റെ മറന്ന മൃദംഗം എന്ന ചലച്ചിത്രത്തിനുശേഷമാണ് മെഗാസ്റ്റാര്‍ എന്ന വിശേഷണം ചിരഞ്ജീവിക്ക് ലഭിക്കുന്നത്.

ചലച്ചിത്രരംഗത്തെ സംഭാവനകളെ മാനിച്ച് ഭാരതസര്‍ക്കാര്‍ ഇദ്ദേഹത്തിന് 2006 ജനുവരിയില്‍ പത്മഭൂഷണ്‍ പുരസ്‌കാരം നല്കി ആദരിച്ചിട്ടുണ്ട്. കെ. ബാലചന്ദറിന്റെ രുദ്രവീണയിലെ അഭിനയത്തിന് അദ്ദേഹത്തിന് നര്‍ഗീസ് ദത്ത് പുരസ്‌കാരം ലഭിച്ചു. 1990ല്‍ പുറത്തിറങ്ങിയ ചലച്ചിത്രമായ പ്രതിബന്ത് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി ബോളിവുഡ് ചലച്ചിത്ര മേഖലയില്‍ പ്രവേശിച്ചത്. 2006 നവംബറില്‍ ആന്ധ്ര സര്‍വകലാശാല ഇദ്ദേഹത്തെ ഡോക്ടറേറ്റ് നല്കി ആദരിച്ചു. കൂടാതെ ചലച്ചിത്രാഭിനയത്തിന് മൂന്നു തവണ നന്ദി പുരസ്‌കാരവും ഫിലിംഫെയര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

Top