പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കി. രാജനാരായണന്‍ അന്തരിച്ചു

പ്രശസ്ത തമിഴ് സാഹിത്യകാരന്‍ കി. രാജനാരായണന്‍ അന്തരിച്ചു. 98 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പുതുച്ചേരിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കി.രാ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ചെറുകഥകളിലൂടെയും നോവല്‍, ഉപന്യാസം, നാടോടിക്കഥകള്‍ എന്നീ വിഭാഗങ്ങളിലും സാഹിത്യമേഖലക്ക് സമഗ്രസംഭാവനകള്‍ നല്‍കിയിട്ടുണ്ട്.

1923 സെപ്റ്റംബര്‍ 14ന് തമിഴ്നാട്ടിലെ കോവില്‍പട്ടിക്കടുത്തുള്ള ഇടൈസെവല്‍ ഗ്രാമത്തിലാണ് കി.രാ ജനിച്ചത്. 1989ല്‍ പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നാടോടി പ്രൊഫസറായി പ്രവര്‍ത്തിച്ചു.1958ല്‍ പ്രസിദ്ധീകരിച്ച മായാമാന്‍ വ്യാപകമായി ശ്രദ്ധ നേടിയ പുസ്തകമാണ്.

കി.രായുടെ ഗോപല്ലപുരത്ത് മക്കള്‍ എന്ന നോവലിന് സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. തമിഴ്നാടിന്റെ തെക്കന്‍ ഭാഗങ്ങളിലേക്ക് കുടിയേറിയ തെലുങ്ക് ജനതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള നോവലായിരുന്നു ഇത്.

1998 മുതല്‍ 2002 വരെ സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സിലിലെ ഉപദേശക സമിതി അംഗമായിരുന്നു. 2003ല്‍ പ്രസിദ്ധീകരിച്ച കിഡായ് എന്ന ചെറുകഥ ഒരുത്തി എന്ന തമിഴ് ചിത്രമായി നിര്‍മിച്ചിരുന്നു. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആരോഗ്യം മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി രാജനാരായണന്‍ കിടപ്പിലായിരുന്നു. എന്റെ ബുദ്ധിമാനായ പിതാവ് വിടവാങ്ങിയെന്നാണ് നടനും സൂര്യയുടെ അച്ഛനുമായ ശിവകുമാര്‍ അദ്ദേഹത്തിനുള്ള അനുശോചനക്കുറിപ്പില്‍ എഴുതിയത്. ശിവകുമാറിന് വലിയ അടുപ്പമുള്ള സാഹിത്യകാരനായിരുന്നു രാജനാരായണന്‍.

Top