പ്രശസ്ത കായിക പരിശീലകന്‍ പുരുഷോത്തം റായ് അന്തരിച്ചു

ബെംഗലൂരു : പ്രശസ്ത കായിക പരിശീലകനായ പുരുഷോത്തം റായ് അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം. പരിശീലന രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്‌ക്കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട കായിക പരിശീലകനാണ് അദ്ദേഹം. കായിക ദിനമായ ഇന്ന് നടക്കുന്ന വെര്‍ച്വല്‍ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പുരസ്‌കാരം നല്കാനിരിക്കെ ആണ് അന്ത്യം.

പുരുഷോത്തം റായ് 1974ലാണ് തന്റെ കായിക പരിശീലനത്തിന് തുടക്കമിടുന്നത്. നേതാജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്ട്സിലായിരുന്നു ആദ്യം പരിശീലകനായത്. 1987 ലെ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പ്, 1988ലെ ഏഷ്യന്‍ ട്രാക്ക് ആന്റ് ഫീല്‍ഡ് ചാമ്പ്യന്‍ഷിപ്പ്, 1999ലെ സാഫ് ഗെയിംസ് എന്നിവയില്‍ ഇന്ത്യയുടെ പരിശീലകനായിരുന്നു പുരുഷോത്തം റായ്.

ഒളിമ്പ്യന്‍ വന്ദന റാവു, ഹെപ്റ്റാത്തലറ്റ് പ്രമീള അയ്യപ്പ, അശ്വിനി നാച്ചപ്പ, മുരളിക്കുട്ടന്‍, എം കെ ആശ, ഇ ബി ഷൈല, റോസക്കുട്ടി, ജി ജി പ്രമീള തുടങ്ങിയവര്‍ പുരുഷോത്തം റായുടെ കീഴില്‍ പരിശീലനം നേടിയവരാണ്.

Top