പ്രശസ്ത ഫോട്ടോഗ്രാഫര്‍ ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫറും സംവിധായകനുമായ ശിവന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഹൃദയസ്തംഭനം മൂലം ഇന്ന് പുലര്‍ച്ചെ 12.15ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യ പ്രെസ്സ് ഫോട്ടോഗ്രാഫര്‍ എന്നാണ് അറിയപ്പെടുന്നത്.

സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങിയ വിവിധ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു. 1959 ല്‍ സ്ഥാപിച്ച ശിവന്‍ സ്റ്റുഡിയോയുടെ ഉടമയാണ്. ഹരിപ്പാട് പടീറ്റതില്‍ വീട്ടില്‍ ഗോപാലപിള്ളയുടെയും വെട്ടുവിളഞ്ഞതില്‍ വീട്ടില്‍ ഭവാനിയമ്മയുടെയും ആറു മക്കളില്‍ രണ്ടാമനാണ്. ചെമ്മീന്‍ സിനിമയുടെ നിശ്ചല ഛായാഗ്രഹണം നിര്‍വഹിച്ചാണ് സിനിമയില്‍ എത്തിയത്. സ്വപ്നം, അഭയം, യാഗം, കൊച്ചുകൊച്ചു മോഹങ്ങള്‍, കിളിവാതില്‍, കേശു, ഒരു യാത്ര തുടങ്ങിവ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മൂന്നു തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയിട്ടുണ്ട്. തിരുവിതാംകൂറിലെയും തിരുകൊച്ചിയിലെയും പിന്നെ കേരളത്തിലെയും ആദ്യ സര്‍ക്കാര്‍ പ്രസ് ഫൊട്ടോഗ്രഫറാണ് ശിവശങ്കരന്‍ നായര്‍ എന്ന ശിവന്‍. നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കളുടെ രാഷ്ട്രീയജീവിതം കാമറയില്‍ പകര്‍ത്തി. ചലച്ചിത്ര പ്രവര്‍ത്തകരായ സംഗീത് ശിവന്‍, സന്തോഷ് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.

Top