ഡല്‍ഹി: പ്രശസ്ത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ (89) അന്തരിച്ചു. വൃക്കസംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. ശനിയാഴ്ച രാവിലെ ഒന്‍പതിന് ഡല്‍ഹിയിലായിരുന്നു അന്ത്യം.
1935-ല്‍ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ ജനിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വിദേശത്തടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. എണ്ണച്ചായ ചിത്രങ്ങളും ജലച്ചായ ചിത്രങ്ങളുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മാധ്യമങ്ങള്‍. 1980-ല്‍ ബോംബയില്‍ നടന്ന ഒരു എക്‌സിബിഷനിലുടെയാണ് എ. രാമചന്ദ്രനെ മലയാളികള്‍ അറിഞ്ഞുതുടങ്ങുന്നത്. കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും കവറുകളും ചിത്രകഥകളും വരച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ ചിത്രകല പഠിപ്പിച്ചിരുന്നു. 2005-ല്‍ രാജ്യം അദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2002-ല്‍ ലളിതകലാ അക്കാദമിയുടെ ഫെല്ലോ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.