പ്രശസ്‍ത കന്നഡ താരം സമ്പത്ത് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

പ്രശസ്‍ത കന്നഡ താരം സമ്പത്ത് ജെ റാം അന്തരിച്ചു. സമ്പത്തിനെ സ്വന്തം വസതിയില്‍ ശനിയാഴ്‍ച മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടൻ സമ്പത്തിന് 35 വയസായിരുന്നു. ആത്മഹത്യയാണ് എന്നാണ് പ്രാഥമിക നിഗമനം.

ടെലിവിഷനിലെ ജനപ്രിയ താരമായിരുന്നു സമ്പത്ത് ജെ റാം. അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് കരുതുന്നതായി പൊലീസ് പറയുന്നു. നടൻ സമ്പത്തിന്റെ മരണം സുഹൃത്ത് രാജേഷ് ധ്രുവയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറംലോകത്തെ അറിയിച്ചത്. അടുത്തിടെ രാജേഷ് സംവിധാനം ചെയ്‍ത ‘ശ്രീ ബാലാജി ഫോട്ടോ സ്റ്റുഡിയോ’യില്‍ സമ്പത്ത് വേഷമിട്ടിരുന്നു.

അഭിനയരംഗത്ത് അവസരം ലഭിക്കാത്തതില്‍ സമ്പത്ത് കുറേ നാളായി വിഷമത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സമ്പത്തിനെ വിഷാദ രോഗവും അലട്ടിയിരുന്നു. സമ്പത്ത് അടുത്തിടെ വിവാഹിതനായിരുന്നു എന്നും ഒരു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ കുടുംബം സ്ഥിരീകരണം നല്‍കിയിട്ടില്ല.

സമ്പത്ത് ജെയുടെ മരണത്തില്‍ വികാരഭരിതമായ ഒരു കുറിപ്പും നടൻ രാജേഷ് ധ്രുവ എഴുതിയിട്ടുണ്ട്. പ്രിയപ്പെട്ട ഞങ്ങള്‍ക്ക് നിന്റെ വിയോഗം താങ്ങാനുള്ള കരുത്ത് ഇല്ല. ഇനിയും ഒട്ടേറെ സിനിമകള്‍ ചെയ്യാനുണ്ടായിരുന്നു. നിന്റെ സ്വപ്‍നം യാഥാര്‍ഥ്യമാക്കാൻ ഇനിയും ഒരുപാട് സമയം ബാക്കിയുണ്ടായിരുന്നു. നിന്നെ വലിയ വേദികളില്‍ ഞങ്ങള്‍ക്ക് ഇനിയും കാണണമായിരുന്നു. ദയവായി തിരിച്ചു വരിക എന്നുമാണ് രാജേഷ് ധ്രുവ എഴുതിയിരിക്കുന്നത്. സമ്പത്ത് ജെയുടെ ഫോട്ടോകളും രാജേഷ് ധ്രുവ പങ്കുവെച്ചിട്ടുണ്ട്. വളരെ ഞെട്ടിക്കുന്ന വാര്‍ത്ത എന്നാണ് പലരും രാജേഷ് ധ്രുവയുടെ കുറിപ്പിനോട് പ്രതികരിച്ചിരിക്കുന്നത്. ഇതുപോലെ ഒരു വാര്‍ത്ത കേള്‍ക്കാനിടയായത് ഞെട്ടിക്കുന്നതാണ് എന്ന് നടൻ വിജയ് സൂര്യയും പ്രതികരിക്കുന്നു. ‘അഗ്നിസാക്ഷി’ എന്ന സീരിയലിലൂടെ വളരെ പ്രശസ്‍തനായിരുന്നു നടൻ സമ്പത്ത് ജെ റാം.

Top