പ്രശസ്ത ഹോളിവുഡ് താരവും ഓസ്‌കര്‍ ജേതാവുമായ അലന്‍ അര്‍ക്കിന്‍ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരവും ഓസ്‌കര്‍ പുരസ്‌കാരജേതാവുമായ അലന്‍ അര്‍ക്കിന്‍ (89) അന്തരിച്ചു. മക്കളായ ആദം, മാത്യു, ആന്റണി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ഒരു കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും പ്രകൃതിയുടെ അതുല്യമായ കഴിവുള്ള ഒരു ശക്തിയായിരുന്നു അലനെന്ന് അവര്‍ വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

‘സ്‌നേഹനിധിയായ ഭര്‍ത്താവും പിതാവും മുത്തച്ഛനുമായി അദ്ദേഹം ആരാധിക്കപ്പെട്ടു. തങ്ങളേവരും അദ്ദേഹത്തെ അഗാധമായി മിസ് ചെയ്യുമെന്ന് അലന്‍ അര്‍ക്കിന്റെ മക്കള്‍ പറഞ്ഞു. 1934-ല്‍ ബ്രൂക്കിലിനിലായിരുന്നു അലന്റെ ജനനം. മാതാപിതാക്കള്‍ റഷ്യന്‍-ജര്‍മന്‍ ജൂത കുടിയേറ്റക്കാരായിരുന്നു. ചെറുപ്പം മുതലേ അര്‍ക്കിന്‍ അഭിനയ ക്ലാസുകള്‍ എടുക്കാന്‍ തുടങ്ങിയിരുന്നു. 1950-കളില്‍ അദ്ദേഹത്തിന്റെ കുടുംബം ലോസ് ആഞ്ജിലിസിലേക്ക് താമസം മാറ്റി.

1955-ല്‍ ദ ടാരിയേഴ്സ് എന്ന നാടോടി സംഗീത ബാന്‍ഡ് രൂപീകരിക്കുന്നതിന് മുമ്പ് അര്‍ക്കിന്‍ ലോസ് ആഞ്ജിലിസിലെ വിവിധ നാടക കോളേജുകളിലേക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ നേടി. 1956-ലെ ദി ബനാന ബോട്ട് സോങ്ങ് ടാരിയേഴ്‌സ് ബാന്‍ഡിന്റെ വഴിയിലെ നാഴികക്കല്ലായി. പിന്നീടദ്ദേഹം സംഗീത ജീവിതവും അഭിനയവും ഒരുപോലെ തുടര്‍ന്നു. ചിക്കാഗോയിലെ സെക്കന്‍ഡ് സിറ്റി ഇംപ്രൊവൈസേഷണല്‍ ട്രൂപ്പിലെ അംഗമായിരുന്നു അദ്ദേഹം. 1957-ലെ കാലിപ്സോ ഹീറ്റ് വേവില്‍ ദ ടാരിയേഴ്സിനൊപ്പം ആദ്യമായി വലിയ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടു.

ഫ്രം ദി സെക്കന്‍ഡ് സിറ്റി എന്ന ചിത്രത്തിലൂടെ അദ്ദേഹം ബ്രോഡ്വേയില്‍ അരങ്ങേറ്റം കുറിച്ചു. ഇത് ശ്രദ്ധിക്കപ്പെട്ടതോടെ എന്റര്‍ ലാഫിംഗ് എന്ന പ്രശസ്തമായ ചിത്രത്തിലെ ഒരു വേഷം അര്‍ക്കിനെ തേടിയെത്തി. ഇതിലൂടെ അദ്ദേഹം ടോണി പുരസ്‌കാരവും നേടി. 1966-ലെ ദി റഷ്യന്‍സ് ആര്‍ കമിംഗ്, ദി റഷ്യന്‍സ് ആര്‍ കമിംഗ് എന്ന ചിത്രമായിരുന്നു അര്‍ക്കിന്റെ ആദ്യ ഫീച്ചര്‍ ചിത്രം. ഇതിലെ ചാരനെന്ന് തെറ്റിദ്ധരിക്കപ്പെട്ട സോവിയറ്റ് നാവികന്‍ റോസനോവ് എന്ന കഥാപാത്രത്തിലൂടെ മികച്ച നടനുള്ള ഓസ്‌കര്‍ നാമനിര്‍ദേശവും ആര്‍ക്കിന് ലഭിച്ചു.

Top