പ്രശസ്ത ഗ്രീക്ക് സംഗീതസംവിധായകന്‍ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്ത ഗ്രീക്ക് സംഗീത സംവിധായകനും ഗാനരചയിതാവുമായ മിക്കിസ് തിയോദൊറാക്കിസ് അന്തരിച്ചു. ഹൃദയ സ്തംഭനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയായിരുന്നു അന്ത്യം. 96 വയസ്സായിരുന്നു. ലോകപ്രശസ്തങ്ങളായ ഗാനങ്ങളുള്‍പ്പെടെ ആയിരത്തിലധികം ഗാനങ്ങള്‍ തിയോദൊറാക്കിസിന്റെ പേരിലുണ്ട്.

ചലച്ചിത്രങ്ങള്‍ക്ക് നല്‍കിയ ടൈറ്റില്‍ സ്‌കോറുകളുടെ പേരില്‍ ആഗോളതലത്തില്‍ ആരാധകവൃന്ദത്തെ നേടിയ അപൂര്‍വം സംഗീതസംവിധായകരിലൊരാളാണ് മിക്കിസ് തിയോദൊറാക്കിസ്. സോര്‍ബ ദ ഗ്രീക്ക്(1964), സെഡ്(1969), സെര്‍പികോ(1973) എന്നീ ചിത്രങ്ങള്‍ക്ക് നല്‍കിയ സംഗീതം അദേഹത്തെ ലോകത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളാക്കി.

വിവിധ സംഗീതശാഖകളില്‍ പ്രവര്‍ത്തിച്ച മിക്കിസ് തിയോദൊറാക്കിസ് രാജ്യത്തിന്റെ സംഗീതമേഖലയ്ക്ക് നല്‍കിയ സംഭാവന വിലപ്പെട്ടതാണ്. ദീര്‍ഘകാലം ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1981 മുതല്‍ 1993 വരെ പാര്‍ലമെന്റംഗമായിരുന്നു. ‘ഗ്രീസിന്റെ ആത്മാവില്‍ നിന്ന് ഒരു ഭാഗം അടര്‍ന്നു പോയിരിക്കുന്നു’ എന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ലിനോ മെന്‍ഡോണി മഹാനായ കലാകാരന്റെ മരണത്തില്‍ പ്രതികരിച്ചു.

തിയോദൊറാക്കിസിനോടുള്ള ആദരസൂചകമായി ഔദ്യോഗികപതാക താഴ്ത്തിക്കെട്ടുകയും ഒരു മിനിറ്റ് നേരം മൗനമാചരിക്കുകയും ചെയ്തു. രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ‘അദ്ദേഹം നിശബ്ദനാക്കപ്പെട്ടു, ഒപ്പം യവനസംസ്‌കാരവും’, പ്രധാനമന്ത്രി കൈറിയോക്കോസ് മിത്സോതാക്കിസ് പറഞ്ഞു.

1925 ജൂലായ് 29 ന് ജനിച്ച തിയോദൊറാക്കിസിന്റെ യഥാര്‍ഥ നാമം മൈക്കേല്‍ തിയോദൊറാക്കിസ് എന്നാണ്. കൗമാരക്കാലത്ത് തന്നെ സംഗീതത്തിലും കവിതയെഴുത്തിലും അദ്ദേഹം പ്രാവീണ്യം പ്രകടിപ്പിച്ചിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഗ്രീസിന്റെ ആധിപത്യം പിടിച്ചെടുത്ത ജര്‍മനിയ്ക്കും ഇറ്റലിയ്ക്കും എതിരെ ഉയര്‍ന്ന ആഭ്യന്തരകലാപത്തില്‍ പതിനേഴുകാരനായ തിയോദൊറോക്കിസും പങ്കു ചേര്‍ന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഇടതുപക്ഷ പ്രവര്‍ത്തകരില്‍ ഉള്‍പ്പെട്ട അദ്ദേഹം ജയില്‍ കാലത്ത് അനുഭവിച്ച ശാരീരിക പീഡനങ്ങള്‍ തിയോദൊറോക്കിസിനെ നിത്യരോഗിയാക്കി.

 

Top