പ്രശസ്ത ബംഗാളി സംവിധായകന്‍ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി സംവിധായകനും, കവിയും, തിരക്കഥാകൃത്തുമായ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു. 77 വയസ്സായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സൗത്ത് കൊല്‍ക്കത്തയിലെ തന്റെ വസതിയില്‍ വച്ച് ഇന്ന് രാവിലെയാണ് അദ്ദേഹം അന്തരിച്ചത്.

ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കിയ സംവിധായകന്റ അഞ്ച് ചിത്രങ്ങള്‍ ദേശീയ അവാര്‍ഡുകള്‍ നേടി. രണ്ട് തവണ മികച്ച സംവിധായകനായും ദേശീയ അവാര്‍ഡില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ബാഗ് ബഹാദൂര്‍ (1989), ചരാചര്‍(1993), ലാല്‍ ധര്‍ജ (1997), മോണ്ടോ മേയര്‍ ഉപഖ്യാന്‍ (2002), കാല്‍പുരുഷ് (2008) എന്നിവയാണ് മികച്ച ചിത്രങ്ങളായി ദേശീയ അവാര്‍ഡില്‍ പ്രഖ്യാപിച്ച സംവിധായകന്റെ സംഭാവനകള്‍.

1980, 1990 കാലഘട്ടങ്ങളില്‍ ഗൗതം ഘോഷ്, അപര്‍ണ സെന്‍ എന്നിവര്‍ക്കൊപ്പം ബംഗാളില്‍ നടന്ന സമാന്തര സിനിമ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ സിനിമാപ്രവര്‍ത്തകനാണ്.

സ്യൂട്ട്‌കേസ്, ഹിംജോഗ്, കോഫിന്‍ കിംബ, ചാത്ത കഹിനി, റോബോട്ടര്‍ ഗാന്‍, ശ്രെഷ്ഠ കബിത, ഭോമ്പോലെര്‍ ആശ്ചര്യ കാഹിനി ഒ അനന്യ കബിത തുടങ്ങിയ കവിതകളിലൂടെ സാഹിത്യരംഗത്തും ബുദ്ധദേബ് ദാസ് ഗുപ്ത നിര്‍ണായസാന്നിധ്യമായിരുന്നു.

സംവിധായകന്‍ രാജ് ചക്രബര്‍ത്തി, ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ സിനിമാ- സാംസ്‌കാരിക- രാഷ്ട്രീയ മേഖലയിലെ പ്രമുഖര്‍ സംവിധായകന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.

 

Top