‘പട്ടിണി രൂക്ഷം’; ബ്രസീലിലെ യാനോമാമി മേഖലയില്‍ നിന്ന് ആദിവാസികളെ എയര്‍ലിഫ്റ്റ് ചെയ്ത് സര്‍ക്കാര്‍

റിയോ: മെഡിക്കല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന് പിന്നാലെ യാനോമാമി മേഖലയില്‍ നിന്ന് ആദിവാസി കുടുംബങ്ങളെ എയര്‍ ലിഫ്റ്റ് ചെയ്ത് ബ്രസീല്‍ സര്‍ക്കാര്‍. ബ്രസീലിലെ വടക്കന്‍ സംസ്ഥാനമായ റോറേയ്മയില്‍ പട്ടിണിയിലായ 16 ആദിവാസി വിഭാഗത്തിലുള്ളവരേയാണ് ബ്രസീലില്‍ എയര്‍ ലിഫ്റ്റ് ചെയ്തത്. മുന്‍ പ്രസിഡന്റിന്റെ തീവ്രവലതുപക്ഷ നിലപാടുകളാണ് മഴക്കാടുകളില്‍ താമസിച്ചിരുന്ന ആദിവാസികളുടെ വംശഹത്യയിലേക്ക് നയിച്ചതെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സിൽവ ആരോപിക്കുന്നത്. യാനോമാമി മേഖലയില്‍ നൂറ് കണക്കിന് ആദിവാസി കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് മൂലം മരണപ്പെട്ടതിന് പിന്നാലെയാണ് ഈ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

വനമേഖലയിലെ ഖനനം മൂലമുണ്ടായ ജലമലിനീകരണവുമായി ബന്ധപ്പെട്ടാണ് യാനോമാമിയിലെ മരണങ്ങളില്‍ ഏറിയ പങ്കും സംഭവിച്ചിട്ടുള്ളത്. ശനിയാഴ്ച ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സിൽവ വെനസ്വലയുമായി അതിര്‍ത്തി പങ്കിടുന്ന ഗയാന സന്ദര്‍ശിച്ചിരുന്നു. പോഷകാഹാരക്കുറവ് മൂലം ആദിവാസി കുഞ്ഞുങ്ങള്‍ മരണപ്പെട്ടതിനെ ഞെട്ടലോടെ കാണുന്നുവെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സിൽവ പ്രതികരിച്ചത്. മാനുഷിക പരമായ വെല്ലുവിളി എന്നതിന് അപ്പുറമായി റൊറേയ്മയില്‍ കണ്ടത് വംശഹത്യയാണ്. ബുദ്ധിമുട്ടുന്നവരോട് സഹാനുഭൂതി കാണിക്കാത്ത സര്‍ക്കാരിന്റെ മുന്‍കൂട്ടി നിശ്ചയിച്ച കുറ്റകൃത്യമാണ് യാനോമാമിയില്‍ സംഭവിച്ചത്. ആദിവാസി സമൂഹത്തെ മനുഷ്യരായി തന്നെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കാനാണ് തന്റെ സന്ദര്‍ശനമെന്നും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സിൽവ വിശദമാക്കിയിരുന്നു.

യാനോമാമിയില്‍ 28000 ആദിവാസി വിഭാഗത്തിലുള്ളവരാണ് താമസിച്ചിരുന്നത്. ചെറിയ രീതിയിലുള്ള കൃഷിയും വേട്ടയാടിയുമായിരുന്നു താല്‍ക്കാലിക ഗ്രാമങ്ങളില്‍ ഇവര്‍ താമസിച്ചിരുന്നത്. മുന്‍ പ്രസിഡന്റ് ബൊൽസനാരോ ആദിവാസി സമൂഹങ്ങള്‍ക്കുള്ള ഇത്തരം വനങ്ങളേക്കുറിച്ച് നിരന്തര വിമര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം ചില മേഖലകള്‍ ഖനനത്തിനായി തുറന്നു നല്‍കുകയും ചെയ്തിരുന്നു. ബൊൽസനാരോയുടെ നേതൃത്വത്തിലെ സര്‍ക്കാര്‍ പരിസ്ഥിതി സംരക്ഷണത്തിനായുള്ള നിയമങ്ങളില്‍ വിട്ടുവീഴ്ച വരുത്തുകയും ചെയ്തിരുന്നു.

യാനോമാമി മേഖലയില്‍ മാത്രം ഇരുപതിനായിരത്തോളം അനധികൃതി ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വര്‍ണവും വജ്രവും ധാതുക്കളുമാണ് ഇവിടെ വലിയ രീതിയില്‍ ഖനനം നടത്തുന്നത്. 2021ല്‍ യാനോമാമി മേഖലയിലെ മൈനുകള്‍ അറ്റോമിക് ആയുധങ്ങള്‍ വരെ പ്രയോഗിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. മെര്‍ക്കുറി മൂലമുള്ള ജലമലിനീകരണമാണ് ആദിവാസി കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായതെന്നാണ് ലുല ഡ സിൽവ ആരോപിക്കുന്നത്.

Top