ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം; ആരോപണം

പാലക്കാട്: മീങ്കരഡാമില്‍ മീന്‍ പിടിക്കാന്‍ പോയ ആദിവാസി യുവാവിന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം. പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും കുടുംബം പറഞ്ഞു.

മുഖത്തും ശരീരത്തുമുള്ള ഈ പാടുകളാണ് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ശിവരാജന്റെ മരണം കൊലപാതകമാണെന്ന ആരോപണത്തിലേക്ക് കുടുംബത്തെ നയിച്ചത്. മരണത്തില്‍ സംശയമുണ്ടെന്നറിയിച്ച് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനില്‍ കുടുംബം നിരവധി തവണ കയറിയിറങ്ങി. പക്ഷേ കേസെടുക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.

കഴിഞ്ഞയാഴ്ച്ചയാണ് ശിവരാജനെ ഡാമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മീങ്കര ഡാമിലെ അംഗീകൃത മത്സ്യത്തൊഴിലാളികള്‍ തന്റെ സഹോദരനെ തല്ലിക്കൊല്ലുകയായിരുന്നെന്നാണ് തങ്കരാജ് പറയുന്നത്. മരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇതു വരെ കിട്ടിയിട്ടില്ല. ഇതിലും ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

എന്നാല്‍ ശിവരാജന്റെ മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ പ്രാഥമികമായി മനസിലാക്കാന്‍ കഴിഞ്ഞതെന്നും വിശദമായ റിപ്പോര്‍ട്ട് വന്നതിന് ശേഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നുമാണ് കൊല്ലങ്കോട് പൊലീസ് പറയുന്നത്. ശരിയായ രീതിയില്‍ കേസ് അന്വേഷിക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കില്‍ ഹൈകോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു.

 

Top