‘വിധിയില്‍ സംതൃപ്തരാണ്, ദൈവത്തിന്റെ കോടതിയിലും ശിക്ഷ ലഭിക്കും’; രണ്‍ജീത്ത് ശ്രീനിവാസന്റെ കുടുംബം

ആലപ്പുഴ: ആലപ്പുഴയില്‍ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രണ്‍ജിത് ശ്രീനിവാസന്‍ വധക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതില്‍ പ്രതികരണവുമായി കുടുംബം. വിധിയില്‍ സംതൃപ്തിയെന്നായിരുന്നു ഭാര്യയുടെ ആദ്യപ്രതികരണം. ‘പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിച്ചതില്‍ സംതൃപ്തിയുണ്ട്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയില്‍ ഞങ്ങള്‍ക്ക് ആശ്വാസമുണ്ട്. എങ്കിലും ഭഗവാന്റെ വേറൊരു വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അത് ഞങ്ങള്‍ കണ്ടില്ലെങ്കിലും നിങ്ങള്‍ക്ക് കാണാന്‍ പറ്റും. അത് പുറകെവരുമെന്ന് പ്രതീക്ഷയുണ്ട്. ഭഗവാന്റെ വിധി വേറെയുണ്ട്, അത് വെച്ചിട്ടുണ്ട്.’ രണ്‍ജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു.

കോടതിവിധിയില്‍ സംതൃപ്തരാണെന്നും കോടതി വിധി രക്ഷിച്ചു എന്നുമാണ് രണ്‍ജിത് ശ്രീനിവാസന്റെ അമ്മയുടെ വാക്കുകള്‍. വധശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ പറഞ്ഞു. ‘സത്യസന്ധമായ കാര്യങ്ങള്‍ അന്വേഷിച്ച് കോടതിയിലെത്തിച്ച ഒരു ടീമുണ്ട്. ഡിവൈഎസ്പി ജയരാജ് സാറും അദ്ദേഹത്തിന്റെ ടീമും. അദ്ദേഹത്തിന് നന്ദി. കൂടാതെ പ്രോസിക്യൂഷന്‍. പ്രോസിക്യൂട്ടറുടെ പരിശ്രമത്തിന് നന്ദി പറഞ്ഞ് വിലയിടാന്‍ പറ്റില്ല. അത്യപൂര്‍വമായ കേസ് തന്നെയാണിത്. വെറുമൊരു കൊലപാതകം എന്ന് എഴുതിത്തള്ളാന്‍ പറ്റില്ല. വായ്ക്കരി ഇടാന്‍ പോലും പറ്റാത്ത രീതിയിലാണ് അവര്‍ കാണിച്ചുവെച്ചത്. അത് കണ്ടത് ഞാനും അമ്മയും അനിയനും എന്റെ മക്കളുമാണ്. അത്യപൂര്‍വം തന്നെയാണിത്. എല്ലാവരോടുമുള്ള നന്ദി പറഞ്ഞറിയിക്കാന്‍ പറ്റില്ല.’ രണ്‍ജിത്തിന്റെ ഭാര്യ ലിഷ പറഞ്ഞു.

ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത്ത് ശ്രീനിവാസിനെ 2021 ഡിസംബര്‍ 19 ന് രാവിലെയാണ് കൊലപ്പെടുത്തുന്നത്. വെള്ളക്കിണറിലുള്ള രണ്‍ജിത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതികള്‍ ചുറ്റിക കൊണ്ട് അടിച്ചും വാളുകളും മഴുവും കൊണ്ട് വെട്ടിയും കൊലപ്പെടുത്തിയെന്നാണ് കേസ്. അമ്മയുടേയും ഭാര്യയുടേയും മകളുടേയും മുന്നില്‍ വെച്ചായിരുന്നു കൊലപാതകം. സംഭവത്തിന് തലേദിവസം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.എസ് ഷാന്‍ മണ്ണഞ്ചേരിയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

Top