അമിത് ഷാ പ്രതിയായ കേസിലെ ജഡ്ജിയുടെ മരണം കൊലപാതകമായിരുന്നെന്ന് കുടുംബം

ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയുടെ മരണം കൊലപാതകമായിരുന്നെന്ന് ആരോപണം.

ജഡ്ജി ബ്രിജ് ഗോപാല്‍ ഹരികൃഷ്ണലോയയുടെ ബന്ധുക്കളാണ് ഗുരുതരമായ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്.

ഉത്തരേന്ത്യയിലെ പ്രമുഖ മാധ്യമമായ ‘കാരവന്‍’ മാഗസിനിലെ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റുമായി നടത്തിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.

റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ചുവടെ:-

2014 ഡിസംബര്‍ ഒന്നിനാണ് ജസ്റ്റിസ് ബിഎച്ച് ലോയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്‍എസ്എസ് ആസ്ഥാനം നിലനില്‍ക്കുന്ന നാഗ്പൂറില്‍ സഹപ്രവര്‍ത്തകനായ മറ്റൊരു ജഡ്ജിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു ലോയ. തലേദിവസം രാത്രി 11 മണിയോടെ ലോയ ഭാര്യ ഷാര്‍മ്മിളയെ ഫോണ്‍ ചെയ്തിരുന്നു. 40 മിനിറ്റോളം അദ്ദേഹം ഭാര്യയുമായി ഫോണില്‍ സംസാരിച്ചിരുന്നു.

അന്നത്തെ ദിവസത്തെ തിരക്കുകളെപ്പറ്റി സംസാരിച്ചു. നാഗ്പൂറിലെ ഗവണ്മെന്റ് ഗസ്റ്റ് ഹൗസായ രവി ഭവനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം താനുണ്ടെന്നും ഭാര്യയോട് പറഞ്ഞു.

പിറ്റേദിവസം രാവിലെ അപ്രതീക്ഷിതമായാണ് ലോയയുടെ മരണവാര്‍ത്ത വീട്ടുകാര്‍ കേള്‍ക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ലോയ മരണപ്പെട്ടെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി വളരെ മെച്ചമായിരുന്നുവെന്നും അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടാകേണ്ട സാഹചര്യമില്ലായിരുന്നുവെന്നും ബന്ധുക്കള്‍ ‘കാരവന്’ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

രാജ്യത്ത് വളരെ ചര്‍ച്ചാ വിഷയമായിരുന്ന സൊഹ്‌റാബുദ്ദീന്‍ കേസ് മാത്രമായിരുന്നു ആ സമയത്ത് ലോയ കൈകാര്യം ചെയ്തിരുന്നത്.

കേസിന്റെ വിചാരണ ഒറ്റ ജഡ്ജി കേള്‍ക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശിച്ചത്. എന്നാല്‍, മൂന്നു ജഡ്ജിമാര്‍ മാറിമാറി വന്നു. കേസ് കേട്ടുതുടങ്ങി ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, 2014 ജൂണില്‍ ആദ്യ ജഡ്ജി ജെ ടി ഉല്‍പതിനെ സ്ഥലംമാറ്റി. പിന്നീട് ലോയ വന്നു.

ലോയയുടെ മരണ ശേഷം വന്ന എം ബി ഗോസവി, തന്നെ കുറ്റവിമുക്തനാക്കണമെന്ന അമിത് ഷായുടെ അപേക്ഷ ഡിസംബര്‍ 15 മുതല്‍ മൂന്നു ദിവസം കേട്ടു. ഡിസംബര്‍ 30ന് 75 പേജ് വരുന്ന വിധി പുറപ്പെടുവിച്ചു. അമിത് ഷായെ എല്ലാ കുറ്റങ്ങളില്‍ നിന്നും മുക്തനാക്കി.

ലോയുടെ മൃതദേഹം കാണുമ്പോള്‍ രക്തത്തുള്ളികള്‍ വസ്ത്രത്തില്‍ കണ്ടിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തലയുടെ പിന്‍ഭാഗത്ത് ക്ഷതമേറ്റിരുന്നു. ബെല്‍റ്റ് എതിര്‍ദിശയില്‍ തിരിഞ്ഞിരിക്കുകയും പാന്റിന്റെ ക്ലിപ്പുകള്‍ തകര്‍ന്ന നിലയിലും കാണപ്പെട്ടു.

റീപോസ്റ്റ് മോര്‍ട്ടത്തിനായി സഹോദരി ബിയാനി ആവശ്യപ്പെട്ടെങ്കിലും ലോയയുടെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും വിഷയം കൂടുതല്‍ വഷളാക്കേണ്ടെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു.

ഗസ്റ്റ് ഹൗസില്‍ നിന്നും ലോയയെ ഓട്ടോറിക്ഷയില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നാണ് അന്ന് രാത്രി കൂടെയുണ്ടായിരുന്നവര്‍ ബന്ധുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ആ ഗസ്റ്റ് ഹൗസില്‍ നിന്നും വളരെ ദൂരത്തിലാണ് ഓട്ടോ സ്റ്റാന്‍ഡ് ഉള്ളത്. പെട്ടെന്ന് ഓട്ടോ റിക്ഷാ കിട്ടാനും വളരെ ബുദ്ധിമുട്ടാണ്.

ആ അര്‍ധരാത്രിയില്‍ അവര്‍ എങ്ങനെ ഓട്ടോറിക്ഷാ സംഘടിപ്പിച്ചെന്നും കുടുംബം ചോദിക്കുന്നു. മാത്രമല്ല, ലോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴും കൂടെയുണ്ടായിരുന്നവര്‍ വീട്ടുകാരെ വിവരം അറിയിച്ചിരുന്നില്ല. ലോയക്ക് ആശുപത്രിയില്‍ നല്‍കിയ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ആശുപത്രി അധികൃതര്‍ നിരസിക്കുകയും ചെയ്തു.

ആശുപത്രി ജീവനക്കാരും ലോയയുടെ കൂടെയുണ്ടായിരുന്നവരും പൊലീസും നടത്തിയ പല നീക്കങ്ങളും സംശയാസ്പദമാണെന്ന് ഡോക്ടര്‍ കൂടിയായ ബിയാനി പറഞ്ഞു. ചെറിയ ചുമ വന്നാല്‍ പോലും തന്നെ കണ്ടിരുന്ന ലോയക്ക് ഹൃദയസ്തംഭനം ഉണ്ടാകാനുള്ള ആരോഗ്യസ്ഥിതി അല്ലായിരുന്നുവെന്നും അവര്‍ പറയുന്നു.

ലോയയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പിതൃബന്ധത്തിലുള്ള സഹോദരന്‍ ഒപ്പിട്ടിരുന്നതായി രേഖകളില്‍ കാണുന്നുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരുബന്ധം തങ്ങള്‍ക്കില്ലെന്നും ഒപ്പിട്ട വ്യക്തിയെക്കുറിച്ച് അറിയില്ലെന്നും പിതാവ് വ്യക്തമാക്കി.

ആര്‍എസ്എസ് പ്രവര്‍ത്തകനായ ഈശ്വര്‍ ബഹേട്ടി എന്നയാളാണ് ലോയുടെ മരണം ബന്ധുക്കളെ അറിയിക്കുന്നത്. ഇയാള്‍ക്ക് ലോയയുമായി എന്തു ബന്ധമാണുള്ളതെന്നും ബന്ധുക്കള്‍ക്ക് അറിയില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ലോയയുടെ മൊബൈല്‍ ഫോണ്‍ ബന്ധുക്കള്‍ക്ക് തിരിച്ചു നല്‍കിയത്.

ജഡ്ജിയുടെ മരണവാര്‍ത്ത മാധ്യമങ്ങള്‍പോലും കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത പശ്ചാത്തലത്തില്‍ ബന്ധുക്കളുടെ ഇപ്പോഴത്തെ വെളിപ്പെടുത്തല്‍
സോഷ്യല്‍ മീഡിയകളിലും വലിയ വിവാദത്തിനാണ് തിരി കൊളുത്തിയിരിക്കുന്നത്.

സൊഹ്‌റാബു്ദദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍ ജഡ്ജിയുടെ മരണത്തെ സംബന്ധിച്ച് സിബിഐക്ക് കത്തെഴുതിയിരുന്നു.

നരേന്ദ്ര മോദി മുഖ്യമന്ത്രിയും അമിത് ഷാ ആഭ്യന്തരമന്ത്രിയും ആയിരിക്കെയാണ് സൊഹ്‌റാബുദ്ദീന്‍ വ്യാജഏറ്റുമുട്ടല്‍ നടക്കുന്നത്. ഹൈദരാബാദില്‍ നിന്നും മഹാരാഷ്ട്രയിലെ സാംഗലിയിലേക്കു പോകവെ ഗുജറാത്ത് എടിഎസ് സൊഹ്രാബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് സിബിഐ കേസ്.

2005 നവംബറില്‍ ഗാന്ധിനഗറിനു സമീപത്തുവെച്ച് വ്യാജ ഏറ്റുമുട്ടലില്‍ ഇവരെ കൊലചെയ്തുവെന്നാണ് പുറത്ത് വന്നിരുന്ന വിവരങ്ങള്‍.

Top