ന്യൂഡല്‍ഹി: കീവില്‍ നിന്ന് മടങ്ങുന്നതിനിടെ വെടിയേറ്റ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിംഗിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് കുടുംബം. ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിട്ടും ഇതുവരെ സഹായം കിട്ടിയില്ലെന്നും, മകനെ അടിയന്തരമായി തിരികെ എത്തിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
ഒരു വെടിയുണ്ട ഹര്‍ജോതിന്റെ ശരീരത്തില്‍ തുളഞ്ഞുകയറിയെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇന്ത്യയിലെ യുക്രെയിന്‍ എംബസിയാണ് ആശുപത്രിയില്‍ സൗകര്യം ഒരുക്കിയത്. തിരികെ എത്തിക്കാനുള്ള നടപടിയെടുക്കേണ്ടത് ഇന്ത്യന്‍ സര്‍ക്കാരാണെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
‘ഫെബ്രുവരി 26ന് മകന്‍ വിളിച്ചിരുന്നു. ഒഴിയാന്‍ നിര്‍ദേശം ലഭിച്ചെന്നും അതിര്‍ത്തിയിലേക്ക് പോകുകയാണെന്നും പറഞ്ഞു. സുഹൃത്തുക്കള്‍ക്കൊപ്പം ടാക്‌സി വിളിച്ചാണ് പോയത്. പിന്നെ വിവരമൊന്നുമുണ്ടായില്ല. ഈ മാസം രണ്ടാം തീയതി വെടിയേറ്റെന്ന് പറഞ്ഞു വിളിച്ചു. ഇതുവരെ ആശങ്ക മാറിയിട്ടില്ല. കാലിനും പരിക്കുണ്ട്. മകനെ തിരികെ എത്തിക്കണം. അപേക്ഷിക്കുകയാണ്.’ യുവാവിന്റെ പിതാവ് പറഞ്ഞു.
തന്റെ മകനെ മാത്രമല്ല എല്ലാവരെയും തിരികെ എത്തിക്കണമെന്നും, അവന്‍ ആശുപത്രിയിലായതിനാല്‍ പ്രത്യേക സൗകര്യത്തില്‍ കൊണ്ടുവരണമെന്നും ഹര്‍ജോത് സിംഗിന്റെ മാതാവ് ആവശ്യപ്പെട്ടു. കീവില്‍ നിന്ന് ലീവിവിലേക്ക് കാറില്‍ പോകുന്നതിനിടെയാണ് വിദ്യാര്‍ത്ഥിക്ക് വെടിയേറ്റത്.