സി പി ജലീൽ കൊലപാതകം; പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിലേക്ക്

കൽപ്പറ്റ: വൈത്തിരി പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് സി പി ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയിലേക്ക്. പൊലീസിന് ക്ലീൻ ചിറ്റ് നൽകിയ മജിസ്റ്റീരിയൽ റിപ്പോർട്ടിനെതിരെയാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. മജിസ്റ്റീരിയില്‍ റിപ്പോർട്ട് റദ്ദാക്കി ശാസ്ത്രീയ പരിശോധനാ റിപ്പോർട്ടുകളടക്കം പരിഗണിച്ച് പുനരന്വേഷണം നത്തണമെന്നാണ് ജലീലിന്റെ കുടുംബം ആവശ്യപെട്ടിരിക്കുന്നത്. കേസ് ഫയലില്‍ സ്വീകരിച്ച കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

വൈത്തിരി വെടിവെപ്പില്‍ ഗൂഡാലോചന നടന്നിട്ടില്ലെന്നായിരുന്നു ഒക്ടോബറില്‍ സമർപ്പിച്ച മജിസ്റ്റിരിയല്‍ റിപ്പോർട്ട്. സംഭവം നടക്കുമ്പോള്‍ ജില്ലാ കളക്ടറായിരുന്ന കെ എസ് അജയകുമാറാണ് സെഷന്‍സ് കോടതിയില്‍ റിപ്പോർട്ട് സമര്‍പ്പിച്ചത്. റിസോർട്ടിൽ പണമാവശ്യപ്പെട്ടെത്തിയ മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട സിപി ജലീൽ ഏറ്റുമുട്ടലിനെ തുടർന്ന് മരിച്ചെന്നായിരുന്നു അദ്ദേഹത്തിന്‍റെ കണ്ടെത്തല്‍. പൊലീസിന്‍റെ നടപടിയെ പൂർണ്ണമായും ന്യായികരിക്കുന്ന ഈ റിപ്പോർട്ട് തള്ളികളയണമെന്നാണ് ജലിലിന്‍റെ കുടുംബത്തിന്‍റെ ആവശ്യം.

അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ മജിസ്ട്രേറ്റ് ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചില്ലെന്നും അതിനാല്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം പ്രഖ്യാപിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപെട്ടു. കേസ് പരിഗണിച്ച കല്‍പ്പറ്റ സെഷന്‍സ് കോടതി തുടര്‍ നടപടികൾ മാര്‍ച്ച് ഒന്നിലേക്ക് മാറ്റി. ജലീലിന്‍റെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ തോക്കിൽ നിന്ന് വെടിയുതിര്‍ത്തിട്ടില്ലെന്നായിരുന്നു ബാലിസ്റ്റിക് ഫോറൻസിക് റിപ്പോർട്ട്. ഇതുകൂടി അന്വേഷണത്തില്‍ പരിഗണിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Top