സ്ത്രീധന തർക്കത്തെ തുടർന്ന് ഭാര്യവീട്ടിൽ കയറി ഭർത്താവിൻ്റെ ആക്രമണം; ഏഴ് പേ‍ർക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം പാറശ്ശാലയിൽ മരുമകന്റെ നേതൃത്വത്തിൽ ഭാര്യവീട്ടിൽ കയറി അക്രമം. സ്ത്രീധന തർക്കത്തെ തുടർന്നായിരുന്നു ആക്രമണം. ആക്രമണത്തിൽ ഭാര്യയുടെ മാതാപിതാക്കൾ അടക്കം ഏഴ് പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെയാണ് പാറശ്ശാല സ്വദേശി രാധാകൃഷ്ണന്‍റെ കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്. മരുമകൻ ശരണും ഇയാളുടെ സഹോദരൻ ശരത്തുമാണ് രാധാകൃഷ്ണന്‍റെ വീട്ടിൽ കയറി സ്ത്രീകളെയടക്കം ആക്രമിച്ചത്. സ്ത്രീധനത്തെ ചൊല്ലിയായിരുന്നു ആക്രമണം. ശരൺ രണ്ട് വർഷം മുമ്പാണ് രാധാകൃഷ്ണന്‍റെ മകൾ കൃഷ്ണേന്ദുവിനെ വിവാഹം കഴിക്കുന്നത്. ഇതിന് ശേഷം പലതവണ സ്ത്രീധനമാവശ്യപ്പെട്ട് കൃഷ്ണേന്ദുവിനെ ശരൺ മർദ്ദിച്ചിരുന്നു. കൂടാതെ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാധാകൃഷ്ണനും കുടുംബവും പറഞ്ഞു.

കൃഷ്ണേന്തുവിനെ ശരൺ പട്ടിയെ വിട്ട് കടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് പരാതി നൽകിയ ദേഷ്യത്തിലാണ് ശരൺ കുടുംബത്തെ ആക്രമിച്ചതെന്നുമാണ് രാധാകൃഷ്ണനും കുടുംബവും പറയുന്നത്. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ ഇരുവരും രക്ഷപ്പെടുകയായിരുന്നു. സ്ഥലത്തെ പ്രാദേശിക കോൺഗ്രസ് നേതാവിന്റെ മക്കളാണ് ശരണും,ശരത്തും. സംഭവത്തിൽ പൊലീസിൽ പരാതി നൽകുമെന്ന് കുടുംബം പറഞ്ഞു. പരാതി കിട്ടിയാലുടൻ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Top