വധു ധരിച്ച വസ്ത്രം ഇഷ്ടമായില്ല, ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്; വിവാഹം മുടങ്ങി

ഭോപ്പാല്‍: വിവാഹ ദിനത്തില്‍ വരന്റെയും വധുവിന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. വധു തല മറയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഇരുകൂട്ടരും ഏറ്റുമുട്ടിയത്. സംഘര്‍ഷത്തിനവസാനം വിവാഹം റദ്ദാക്കുകയും ചെയ്തു.

മധ്യപ്രദേശിലെ രത്‌ലാമിലാണ് സംഭവം നടന്നത്. സിവില്‍ എഞ്ചിനീയറായ വല്ലഭ് പഞ്ചോളിയുടേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ വര്‍ഷ സൊനാവ എന്നിവരുടെ വിവാഹമാണ് മുടങ്ങിയത്. വൈകുന്നേരത്തെ വിവാഹസല്‍ക്കാരത്തിന് ധരിക്കാന്‍ വര്‍ഷ തിരഞ്ഞെടുത്ത വസ്ത്രത്തെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് വിവാഹം ഒഴിവായതിന്റെ കാരണം.

സല്‍ക്കാരത്തിന് ഗൗണ്‍ ആയിരുന്നു വര്‍ഷ ധരിച്ചത്. ഈ വസ്ത്രം വരന്റെ വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ല. തുടര്‍ന്ന് ഗൗണ്‍ മാറ്റി സാരി ധരിക്കാന്‍ വല്ലഭിന്റെ വീട്ടുകാര്‍ വര്‍ഷയോട് ആവശ്യപ്പെട്ടു. സാരി മാത്രം ധരിച്ചാല്‍ പോരെന്നും സാരിത്തലപ്പുകൊണ്ട് തല മറയ്ക്കണമെന്നും വരന്റെ വീട്ടുകാര്‍ വര്‍ഷയോട് പറഞ്ഞു. എന്നാല്‍ തനിക്ക് തലമറയ്ക്കാന്‍ പറ്റില്ലെന്ന് വര്‍ഷ വരന്റെ വീട്ടുകാരെ അറിയിച്ചു. ഇതിനെചൊല്ലി ഇരുവീട്ടുകാരും തമ്മില്‍ വിവാഹവേദിയില്‍ വെച്ച് തര്‍ക്കമായി.

സംഘര്‍ഷം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇരുവീട്ടുകാരും പൊലീസിനെ സമീപിച്ചു. പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടന്നെങ്കിലും ഫലമുണ്ടായില്ല. മൂന്ന് മണിക്കൂറോളം നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു.

Top