‘വ്യാജവാര്‍ത്ത’: ഉത്തര്‍പ്രദേശില്‍ ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍

ഗാസിയാബാദ്: ‘വ്യാജ വാര്‍ത്ത’ പ്രക്ഷേപണം ചെയ്‌തെന്ന പരാതിയില്‍ ഉത്തര്‍പ്രദേശില്‍ രണ്ടു ടിവി ചാനലുകള്‍ക്കെതിരെ എഫ്‌ഐആര്‍. ഗാസിയാബാദ് വികസന അതോറിറ്റിയുടെ (ജിഡിഎ) പരാതിയിലാണ് നടപടി.

ജിഡിഎയുടെ വൈസ് ചെയര്‍പേഴ്‌സന്‍ രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന വാര്‍ത്തയിലാണ് ആരോപണം. ചെയര്‍പേഴ്‌സന്റെ ഭാഗം കേള്‍ക്കാതെ രണ്ടു ഹിന്ദി ചാനലുകള്‍ പ്രക്ഷേപണം ചെയ്‌തെന്നാണു പരാതി. സമാചാര്‍ പ്ലസ്, ന്യൂസ് 1 ഇന്ത്യ എന്നീ ചാനലുകള്‍ക്കെതിരെയാണ് പരാതി. ആരോപണങ്ങള്‍ ചാനലുകള്‍ നിഷേധിച്ചു. പ്രതികരണത്തിനായി ചെയര്‍പഴ്‌സന്‍ റിതു മഹേശ്വരിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരെ ലഭിച്ചില്ലെന്നാണ് വിശദീകരണം.

അനില്‍ ജയ്ന്‍ എന്നയാള്‍ അനധികൃതമായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പണി നിര്‍ത്തിവയ്ക്കാതിരിക്കാന്‍ റിതു മഹേശ്വരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും 50 ലക്ഷം രൂപ വീതം കൈക്കൂലിനല്‍കിയെന്ന് ത്രിലോക് അഗര്‍വാള്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫിസിനെ അറിയിച്ചിരുന്നു. ഈ പരാതി ആധാരമാക്കി ചാനലുകള്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെക്കുറിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ജിഡിഎയ്ക്കുവേണ്ടി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍.പി. സിങ്ങാണ് പരാതി നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥരെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് വ്യാജ വാര്‍ത്ത നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. ക്രിമിനല്‍ കുറ്റമാണ് ചാനലുകള്‍ ചെയ്തിരിക്കുന്നതെന്ന് റിതു മഹേശ്വരിയും അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫിസിലേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതെന്ന് ഇരു ചാനലുകള്‍ അറിയിച്ചു.

അതിനിടെ, കെട്ടിട നിര്‍മാതാവ് അനില്‍ ജയ്‌നും ത്രിലോക് അഗര്‍വാളിനും ഭാര്യയ്ക്കുമെതിരെ പരാതി നല്‍കിയിട്ടുണ്ട്. രണ്ടുകേസുകളിലും അന്വേഷണം പുരോഗമിക്കുകയാണ്.

Top