യാചകവേഷത്തില്‍ കുറ്റവാളിസംഘം കേരളത്തില്‍: വ്യാജപ്രചാരണമെന്ന് പൊലീസ്

തിരുവനന്തപുരം: റമദാനില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് യാചകവേഷത്തില്‍ സംസ്ഥാനത്ത് കുറ്റവാളി സംഘം എത്തുമെന്നും ജാഗ്രത പാലിക്കണമെന്നും കൊല്ലം ഈസ്റ്റ് പൊലീസ് നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പൊലീസ്.

ഒരാഴ്ച മുമ്പാണ് കേരള പൊലീസിന്റെ ലെറ്റര്‍ ഹെഡിലെന്ന വ്യാജേന സന്ദേശം വാട്സാപ്പിലും, ഫേസ്ബുക്കിലും മറ്റും പ്രചരിച്ചത്. ഒരാഴ്ചയ്ക്കിടെ കേരളത്തിന്റെ വിവിധ ജില്ലകളിലെ റെയില്‍വേ സ്റ്റേഷനുകളില്‍ ഒരു ലക്ഷത്തോളം ഇതര സംസ്ഥാനക്കാര്‍ എത്തിയിട്ടുണ്ടെന്നും കവര്‍ച്ച നടത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നുമാണ് സന്ദേശത്തില്‍ പറഞ്ഞത്. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വ്യാജ ഒപ്പും സീലും സന്ദേശത്തിലുണ്ട്. ഈ വര്‍ഷം ഓഗസ്റ്റ് 16 എന്ന തെറ്റായ തീയതിയും രേഖപ്പെടുത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തക്കെതിരെ കേസെടുക്കാന്‍ കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ക്ക് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊല്ലം ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് ഇന്‍ഫര്‍മേഷന്‍ സന്റെര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

Top