കേന്ദ്രം പറയുന്നത് തെറ്റ്; പ്രചാരണത്തിന് പിന്നിലെ ലക്ഷ്യം സംശയകരം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കോവിഡ് കണക്കുകൾ കേരളം നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വിമർശനം വസ്തുതാവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നാഷണൽ സർവൈലൻസ് യൂണിറ്റിന് കൃത്യമായ കണക്കുകൾ നൽകുന്നുണ്ട്. എല്ലാ ദിവസവും മെയിൽ അയക്കുന്നുണ്ട്. ഏറ്റവും സുതാര്യമായ രീതിയിലാണ് കേരള സർക്കാർ വിഷയം കൈകാര്യം ചെയ്യുന്നത്. സുപ്രീംകോടതിയും ഇക്കാര്യത്തിൽ കേരളസർക്കാരിനെ അഭിനന്ദിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

കോവിഡ് കണക്കുകൾ കേരളം നൽകുന്നില്ല എന്നത് തെറ്റായ പ്രചാരണമാണ്. കേന്ദ്രസർക്കാർ നൽകിയിട്ടുള്ള ഫോർമാറ്റ് അനുസരിച്ചാണ് കേരളം കണക്കുകൾ അയക്കുന്നത്. മൂന്ന് ഏജൻസികൾക്കാണ് കേരളം വിവരം അയക്കുന്നതെന്നും, മെയിലുകളുടെ കോപ്പികൾ സഹിതം മന്ത്രി പറഞ്ഞു. കേന്ദ്ര ജോയിന്റ് സെക്രട്ടറി സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിക്ക് ഒരു കത്ത് അയക്കുകയും, ഇത് കേരളത്തിന് കിട്ടുന്നതിന് മുമ്പ് തന്നെ മാധ്യമങ്ങൾക്ക് ലഭിക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Top