കരസേനയുടെ പേരില്‍ വ്യാജപ്രചരണം ; യുവാവ് സൈനികനല്ല, ആള്‍മാറാട്ടമെന്ന് സൈന്യം

kerala flood force

തിരുവനന്തപുരം : കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൈനിക വേഷത്തില്‍ സോഷ്യല്‍ മീഡിയയില്‍ താരമായ യുവാവ് സൈനികനല്ലെന്ന് സ്ഥിരീകരണം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നയാള്‍ സൈനികനല്ലെന്ന് കരസേനാ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഒഫ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ അറിയിച്ചു. ഇപ്പോഴത്തെ ദുരിതത്തെ മറികടക്കാനാണ് ഇന്ത്യന്‍ സൈന്യം ഓരോ നിമിഷവും ശ്രമിക്കുന്നത്. ഇതിനിടയില്‍ കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയത് ശ്രദ്ധയില്‍ പെട്ടു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

സൈനിക വേഷത്തില്‍ ഇയാള്‍ നടത്തിയ പ്രസ്താവനകള്‍ സംസ്ഥാനത്ത് ഏറെ വിവാദമുണ്ടായിക്കിയുരുന്നു. സംസ്ഥാന ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി വിജയനും കൂട്ടരും സൈന്യത്തെ വിളിക്കാത്തതാണെന്നും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി സര്‍ക്കാരിന് ഒന്നുമറിയില്ലെന്നുമായിരുന്നു ഇയാളുടെ പ്രസ്താവന.

രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈനികരെ ഏല്‍പ്പിക്കാനാവില്ലെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ച ഇയാള്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. കരസേനയുടെ പേരില്‍ നടത്തിയ പ്രചാരണത്തിന് പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസും അറിയിച്ചു.

Top