യുഡിഎഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത ശുദ്ധ അസംബന്ധം: ബാലകൃഷ്ണപിള്ള

കൊല്ലം:കേരള കോണ്‍ഗ്രസ് ബി യുഡിഎഫിലേക്കു പോകാന്‍ നീക്കം നടത്തുന്നെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്ന് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള.എല്‍ഡിഎഫില്‍ താനും തന്റെ പാര്‍ട്ടിയും പൂര്‍ണ്ണ സംതൃപ്തരാണെന്നും പിള്ള പറഞ്ഞു. യുഡിഎഫുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്ത് വന്നത്.

അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് യുഡിഎഫ് വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണയുണ്ട്. കോവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പ് വരുന്ന ഘട്ടത്തില്‍ ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നതില്‍ ഗൂഢാലോചനയുണ്ടെന്ന് മകനും എംഎഎല്‍എയുമായ ഗണേഷ് കുമാറും പറഞ്ഞു. ഇത്തരം കള്ളപ്രചാരണം വെടക്കാക്കി തനിക്കാക്കാനുള്ള യുഡിഎഫ് തന്ത്രത്തിന്റെ ഭാഗമാണ്. എല്‍ഡിഎഫില്‍ തങ്ങള്‍ വളരെ ഐക്യത്തോടെയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. യുഡിഎഫില്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. എല്‍ഡിഎഫിലെ കക്ഷികളുമായി ഒരുതരത്തിലുള്ള അഭിപ്രായ ഭിന്നതകളുമില്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Top