അഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചരണം; 35 വാട്സാപ്പ് ഗ്രൂപ്പുകൾക്ക് വിലക്ക്

ഗ്നിപഥ് പദ്ധതിയെക്കുറിച്ച് വ്യാജ പ്രചരണം നടത്തിയ 35 വാട്സാപ്പ് ഗ്രൂപ്പുകളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കി. പ്രതിഷേധം വകവയ്ക്കാതെ അഗ്നിപഥ് പദ്ധതിയിൽ ഉറച്ച് നില്‍ക്കുകയാണ് പ്രതിരോധ സേനകൾ. ഈ വർഷത്തെ റിക്രൂട്ട്മെന്‍റ് തിയതികളും മൂന്ന് സേനകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. കരസേനയുടെ കരട് വിഞ്ജാപനം നാളെ പുറത്തിറക്കും. ആദ്യ റിക്രൂട്ട്മെന്‍റ് റാലി ആഗസ്റ്റിൽ നടക്കും. ഡിസംബർ ആദ്യ ബാച്ചിന്‍റെ പരിശീലനം തുടങ്ങും.

നാവികസേനയുടെ രജിസ്ട്രേഷൻ ശനിയാഴ്ച്ച തുടങ്ങും. ആദ്യ ബാച്ചിന്‍റെ പരിശീലനം നവംബർ 21 ന് തുടങ്ങും. വ്യോമസേനയുടെ രജിസ്ട്രേഷൻ വെള്ളിയാഴ്ച്ചയും തുടങ്ങും. ആദ്യ ബാച്ചിന്‍റെ പരിശീലനം ഡിസംബർ മുപ്പതിനും തുടങ്ങുമെന്നാണ് ധാരണ. നാവിക സേനയിൽ ഇത്തവണ വനിത സെയിലർമാരെ നിയമിക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വിളിച്ചു ചേർത്ത സേനാമേധാവിമാരുടെ യോഗത്തിനു ശേഷമാണ് വാർത്താസമ്മേളനം നടന്നത്.

41 ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്കായി മാറ്റിവയ്ക്കും. ചില സംസ്ഥാന സർക്കാരുകൾ മടങ്ങി വരുന്ന അഗ്നവീറുകൾക്ക് ജോലി നല്‍കും എന്നറിയിച്ചിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളുടെയും സഹകരണം സേനകൾ തേടും. ആദ്യ വർഷം 46000 പേരെയാണ് ചേർക്കുന്നതെങ്കിലും ഇത് പിന്നീട് 60000 ആയും 1,25,000 ആയും ഉയരുമെന്ന് സേനകൾ അറിയിച്ചു. 65 ശതമാനം പേർ 35 വയസിന് താഴെയുള്ള രാജ്യത്ത് സൈന്യം ചെറുപ്പമാകേണ്ടതില്ലേ എന്ന ചോദ്യം ഉന്നയിച്ചാണ് സേനകൾ പദ്ധതിയെ ന്യായീകരിച്ചത്. ഇതിന് ദൈവം നല്‍കിയ സുവർണ്ണ അവസരമാണിതെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു.

സേനകളെ മുന്നിൽ നിറുത്തി പ്രതിപക്ഷത്തിന്‍റെ എതിർപ്പ് നേരിടാൻ കൂടിയാണ് സർക്കാരിന്‍റെ ശ്രമം. അക്രമത്തിൽ പങ്കാളികളായവർക്ക് സേനകളിൽ ഇടമുണ്ടാകില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ആയുധ ഫാക്ടറികളിലും 10 ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാൻ സർക്കാർ തീരുമാനിച്ചു

Top