വീണത് വിദ്യയായി; കിക്കി ചാലഞ്ചിന് ശേഷം, ഇതാ മറ്റൊരു ട്രെൻഡ് – ഫോളിങ് സ്റ്റാർസ് 2018

വീണത് വിദ്യയായി എന്ന് പറഞ്ഞാൽ മതി. ഇപ്പോൾ വീഴുന്നതാണ് പുതിയ ട്രെൻഡ്! എന്താണെന്ന് പിടി കിട്ടിയില്ല അല്ലെ? പറഞ്ഞു വരുന്നത് പുതിയ ഒരു ചാലഞ്ചിനെക്കുറിച്ചാണ്, ഫോളിങ് സ്റ്റാർസ് 2018.

ഓടുന്ന വണ്ടിയിൽ നിന്ന് ചാടി ഇറങ്ങി ഡാൻസ് കളിക്കുന്ന കിക്കി ചാലഞ്ച് ഒക്കെ ഇപ്പോൾ പഴഞ്ചൻ ആയി. ജീവൻ
വെച്ചുള്ള കളി ഒക്കെ ആണെങ്കിലും അതൊക്കെ ഇപ്പോൾ ട്രെൻഡിൽ നിന്ന് പുറത്തായി. ഇപ്പോഴത്തെ ട്രെൻഡ് വീണു കിടക്കുന്നതാണ്. വീഴുക എന്നൊക്കെ പറയുമ്പോൾ പേടിക്കണ്ട. കിക്കി പോലെ ജീവൻ വച്ചുള്ള കളി ഒന്നുമല്ല കേട്ടോ. നിലത്തു വീണു കിടക്കുന്ന രീതിയിൽ ഒരു ചെറിയ സജ്ജീകരണം ചെയ്താൽ മതിയാകും. സംഗതി ഉഷാർ!

എങ്ങോട്ടേലും നടക്കുമ്പോഴോ വണ്ടിയിൽ നിന്ന് ഇറങ്ങുമ്പോഴോ താഴെ വീണു എന്ന് കരുതുക. അപ്പോഴുള്ള സ്ഥിതി എങ്ങനെയിരിക്കും? അത്തരത്തിൽ തന്നെ നിലത്തു വീണു കിടക്കുന്ന പോലെ അഭിനയിക്കുക. വീണു കിടക്കുന്നതിനും പ്രത്യേക രീതികൾ ഉണ്ട് കേട്ടോ. കമിഴ്ന്നു വീണ രീതിയിൽ വേണം കിടക്കാൻ. അതായത് മുഖം തറയ്ക്ക് അഭിമുഖമായി കിടക്കണം. വീണു കിടക്കുന്നതിന് ഒപ്പം കൈയ്യിൽ ഉളള സാധനങ്ങളോ ബാഗോ അതിലെ സാധനങ്ങളോ ഒക്കെ നിലത്തു കിടക്കുന്ന പോലെ ഇടുകയും വേണം. വീണു കിടക്കുന്ന ഒരാളും ഒപ്പം ചിതറി കിടക്കുന്ന സാധനങ്ങളും.

ഈ ട്രെൻഡ് സമൂഹ മാധ്യമങ്ങൾ ഒന്നാകെ ഏറ്റെടുത്തിട്ടുണ്ട്. കാറിന്റെ ഡോർ തുറന്നു വീണു കിടക്കുന്ന ഫോട്ടോയാണ്‌ പലരും പോസ്റ്റ് ചെയ്യുന്നത്. വീണു കിടക്കുന്ന സാധനങ്ങളുടെ നിരയിൽ വമ്പൻ സൗന്ദര്യ വർധക വസ്തുക്കൾ മുതൽ അടുക്കളയിലേക്കുള്ള പച്ചക്കറികൾ വരെ ഉണ്ട്. പൊട്ടും ചാന്തും മുതൽ കറിക്കുള്ള പച്ചക്കറികൾ വരെ വീണു കിടക്കുന്നതിന്റെ ഇടയിൽ സുന്ദരിമണികൾ വീണു കിടക്കുന്നത് കാണിക്കുന്ന ഫോട്ടോകൾക്ക് വലിയ തോതിൽ ആരാധകരും ഉണ്ട്.

സംഭവം ആദ്യം തുടങ്ങിയത് റഷ്യയിലാണ് എന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. സംഭവം വീണു കിടക്കുന്നത് ആണെങ്കിലും, ഇത് പലരും തങ്ങളുടെ സാമ്പത്തിക ഭദ്രതയും മറ്റും കാണിക്കാനാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ സ്വകാര്യ വിമാനത്തിൽ നിന്ന് വീണു കിടക്കുന്ന സുന്ദരികൾക്ക് ലൈക്കുകളും ജനപ്രീതിയും ഏറെയാണ് ലഭിക്കുന്നത്.

Top