സമുദ്രത്തിലെ ഓക്‌സിജന്റെ അളവ് അപകടകരമാം വിധം കുറയുകയാണെന്ന് പഠനം

വാഷിങ്ടണ്‍: സമുദ്രത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് പഠനം. കഴിഞ്ഞ 20 വര്‍ഷമായി സമുദ്രത്തിലെ താപനില ഉയര്‍ന്നു വരുകയും ഓക്‌സിജന്‍ നിരക്ക് ആനുപാതികമായി കുറയുകയുമാണ്.

താപനില ഉയരുന്തോറും ഓക്‌സിജന്‍ പിടിച്ചുവെക്കാനുള്ള ജലത്തിന്റെ ശേഷി നഷ്ടപ്പെടുന്നതിനാലാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

എന്നാല്‍ കുറച്ചു കാലങ്ങളായി താപനില കൂടുന്നതിനേക്കാള്‍ വേഗത്തിലാണ് ഓക്‌സിജന്റെ അളവു കുറയുന്നത്. ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തിലാണ് ഈ പുതിയ കണ്ടെത്തലുകള്‍.

സമുദ്രആവാസ വ്യവസ്ഥയെ ഇത് ദോഷകരമായി ബാധിക്കുകയും മല്‍സ്യസമ്പത്തിന്റെ നശീകരണത്തിനു കാരണമാവുകയും ചെയ്യുന്നു. മല്‍സ്യങ്ങളില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടായി വംശനാശം സംഭവിക്കുകയോ അവ കൂട്ടം തെറ്റി പലായനം ചെയ്യുകയോ ആണ് ചെയ്യുന്നത്.

സമുദ്രജലത്തിന്റെ 50 വര്‍ഷത്തെ പ്രവണതകള്‍ താരതമ്യം ചെയ്തുകൊണ്ട് ജിയോഫിസിക്കല്‍ റിസര്‍ച്ച് ലെറ്ററില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യമുള്ളത്. സമുദ്രതാപം കൊണ്ട് ഉണ്ടാകുമെന്നു പ്രവചിക്കപ്പെട്ടിരുന്നതിനേക്കാള്‍ രണ്ടും മൂന്നും മടങ്ങു വേഗത്തിലാണ് ഓക്‌സിജന്‍ നഷ്ടം സംഭവിക്കുന്നതെന്ന് പഠനം നടത്തിയ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ടക്ക ഇറ്റോ പറയുന്നു.

Top