സോവിയറ്റ് യൂണിയന്റെ പതനത്തിൽ ആഘോഷിച്ചവർ ഇപ്പോൾ ചൈനക്കെതിരെ !

ലോകത്തെയാകെ ഞെട്ടിച്ച് സോവിയറ്റ് യൂണിയന്‍ ചിതറിത്തെറിച്ചത് 1991ലെ ഒരു ക്രിസ്മസ് നാളിലാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള സകല കമ്യൂണിസ്റ്റ് വിരുദ്ധ രാജ്യങ്ങളുടെയും സ്വപ്നമാണ് അതോടെ പൂവണിഞ്ഞത്. പിന്നീട് അവര്‍ ലക്ഷ്യമിട്ടത് ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയെയാണ്. അവിടെയും മുതലാളിത്വ രാജ്യങ്ങളുടെ പ്രശ്‌നം കമ്യൂണിസമാണ്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇതുവരെ ചൈനയില്‍ അട്ടിമറി നടത്താന്‍ അമേരിക്കന്‍ ചേരിക്ക് കഴിഞ്ഞിട്ടില്ല. മറിച്ച് ചൈന കൂടുതല്‍ ശക്തിമാകുകയാണ് ചെയ്തിരിക്കുന്നത്. ഇന്ന് മൊത്തം ആഭ്യന്തര ഉല്‍പ്പാദന തോത് അനുസരിച്ച് അമേരിക്ക കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയാണ് ചൈന. ആയുധ ശക്തിയിലും ചൈന നിലവില്‍ അമേരിക്കന്‍ ചേരിക്ക് വന്‍ ഭീഷണി തന്നെയാണ്.

ആ ചൈനയിലാണ് പ്രസിഡന്റ് വീട്ടു തടങ്കലിലാണെന്നും കമ്യൂണിസ്റ്റ് ചൈന വീഴുകയാണ് എന്നുമുള്ള പ്രചരണങ്ങള്‍ ഒരു വിഭാഗം ബോധപൂര്‍വ്വം നടത്തി വരുന്നത്. ലോകവ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയുടെ അടിസ്ഥാനം എന്താണെങ്കിലും ചൈനയില്‍ കൂടി കമ്യൂണിസം അവസാനിച്ചാല്‍ അത് ലോകത്തുണ്ടാക്കുന്ന പ്രത്യാഘാതം വളരെ ഗുരുതരമായിരിക്കും. ചൈനയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റം പോലും ആഗോള രാഷ്ട്രീയത്തെ വലിയ രൂപത്തിലാണ് സ്വാധീനിക്കുക. ചൈനയുമായി എന്തൊക്കെ അഭിപ്രായ ഭിന്നത ഉണ്ടായാലും എതിരാളികള്‍ പോലും അംഗീകരിക്കുന്ന ചില പ്രത്യേകതകള്‍ കമ്യൂണിസ്റ്റ് ചൈനയിലുണ്ട്.

ലോകത്തില്‍ ഏറ്റവും അധികം ജനസംഖ്യയുള്ള രാജ്യമായിട്ടും ദാരിദ്ര്യം തുടച്ചു നീക്കാന്‍കഴിഞ്ഞുവെന്നത് ചൈന പിന്തുടരുന്ന സോഷ്യലിസ്റ്റ് പാതയുടെ വിജയമാണ്. ‘സോഷ്യലിസം എന്നാല്‍ ദാരിദ്ര്യമാണെന്ന ” വലതുപക്ഷ പ്രചാരണത്തിന്റെ മുന കൂടിയാണ് ഇവിടെ ഒടിച്ചിരിക്കുന്നത്. സാങ്കേതിക വിദ്യയിലായാലും ശാസ്ത്ര ഗവേഷണങ്ങളിലായാലും അതിവേഗ റെയില്‍പാത നിര്‍മാണത്തിലായാലും ബഹിരാകാശ പര്യവേക്ഷണത്തിലായാലുമെല്ലാം ലോകം അത്ഭുതത്തോടെയാണ് ചൈനയുടെ മുന്നേറ്റത്തെ നോക്കി കാണുന്നത്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും വന്‍നേട്ടമാണ് ഈ രാജ്യം കൈവരിച്ചിരിക്കുന്നത്. കോവിഡ് ആദ്യം ബാധിച്ചിട്ടും ദിവസങ്ങള്‍ക്കകം തന്നെ വ്യാപനം തടഞ്ഞുനിര്‍ത്തിയത് ആരോഗ്യമേഖലയില്‍ ചൈന നടത്തിയ വന്‍ പൊതുനിക്ഷേപത്തിന്റെ കൂടി ഫലമാണ്. ലോകം അംഗീകരിച്ച യാഥാര്‍ത്ഥ്യമാണിത്.

ചൈനയുടെ ഈ വളര്‍ച്ചക്ക് പ്രധാന കാരണം അവിടെ ഭരണം നടത്തുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളുടെയും ദീര്‍ഘവീക്ഷണത്തിന്റെയും കൂടി ഫലമാണ്. ചൈനയെ സോഷ്യലിസ്റ്റ് നിര്‍മാണത്തിലേക്കാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും നയിച്ചു കൊണ്ടിരിക്കുന്നത്. അഴിമതിക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന കാര്യത്തിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തിനു തന്നെ മാതൃകയാണ്. ഉന്നത പദവിയില്‍ ഇരിക്കുന്നവര്‍ക്ക് വരെ വധശിക്ഷ ലഭിച്ചിട്ടുണ്ട്.

സേവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ വലതുപക്ഷ മുതലാളിത്ത ശക്തികള്‍ കമ്യൂണിസത്തിന്റെ അന്ത്യം പ്രവചിച്ചുവെങ്കിലും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇപ്പോഴും അധികാരത്തില്‍തുടരുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. 1921 ജൂലൈ ഒന്നിന് കേവലം 12 പ്രതിനിധികള്‍ മാത്രം പങ്കെടുത്ത സമ്മേളനത്തില്‍ വെച്ച് രൂപംകൊണ്ട ഈ പാര്‍ട്ടി ഇപ്പോള്‍ പത്തുകോടിയോളം അംഗങ്ങളുള്ള പാര്‍ട്ടിയായാണ് വളര്‍ന്നിരിക്കുന്നത്. കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് കിട്ടുക എന്നു പറഞ്ഞാല്‍ തന്നെ അത് വലിയ ഒരു പരീക്ഷണമാണ്. അത് ചൈനയിലായാലും ലോകത്ത് എവിടെ ആയാലും അങ്ങനെ തന്നെയാണ്. ചൈനയുടെ പ്രത്യേക സാഹചര്യത്തില്‍ മാര്‍ക്സിസവും ലെനിനിസവും മാവോ ചിന്തയും പ്രയോഗത്തില്‍ വരുത്തിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടു പോകുന്നത്.

ചോര ചിതറിയ സമരങ്ങളിലുടെയും പോരാട്ടങ്ങളിലൂടെയും ആശയസംവാദത്തിലൂടെയുമാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളര്‍ന്നു പന്തലിച്ചിരിക്കുന്നത്. കൊളോണിയല്‍ മേധാവികള്‍ക്കെതിരെയും ഫ്യൂഡല്‍ മാടമ്പിമാര്‍ക്കെതിരെയുംപൊരുതി നിന്നും കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന ആബാലവൃദ്ധം ജനങ്ങളുടെ പിന്തുണ ആര്‍ജിച്ചുമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ ചെങ്കൊടി നാട്ടിയിരിക്കുന്നത്.

1917- ലെ റഷ്യന്‍ വിപ്ലവത്തിന്റെയും 1919 ലെ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെയും സ്വാധീനത്തിലാണ് ചൈനയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപം കൊണ്ടിരിക്കുന്നത്. 1949 ഒക്ടോബര്‍ ഒന്നിന് ചൈനീസ് വിപ്ലവം വിജയിക്കുകയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു.

മാവോയുടെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് ഭരണമാണ് ഭൂപരിഷ്‌കരണം നടപ്പിലാക്കുകയും വ്യവസായമേഖലയില്‍ പൊതുമേഖലാവല്‍ക്കരണം നടപ്പിലാക്കുകയും ചെയ്തിരുന്നത്. സ്ത്രീകള്‍ക്ക് സമൂഹത്തില്‍ തുല്യ അവകാശം ഉറപ്പാക്കിയതും കമ്യൂണിസ്റ്റ് സര്‍ക്കാറാണ്. 1953 ല്‍ ആരംഭിച്ച പഞ്ചവത്സര പദ്ധതിയിലൂടെ സമഗ്രമായ അടിസ്ഥാന വികസനത്തിനാണ് തുടക്കം കുറിച്ചിരുന്നത്.

1976 ല്‍ മാവോ അന്തരിച്ചതോടെ ഒരു സംഘം അധികാരം പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും തന്നെ വിലപ്പോയിരുന്നില്ല. 1978ല്‍ ചേര്‍ന്ന മൂന്നാമത് പ്ലീനറി സമ്മേളനത്തോടെയാണ് സാമ്പത്തിക നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതോടെ ചൈന മറ്റൊരു യുഗത്തിലേക്കാണ് കടന്നത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ”സോഷ്യലിസ്റ്റ് ആധുനികവല്‍ക്കരണം ” എന്ന് വിശേഷിപ്പിച്ച ഈ പ്രക്രിയയാണ് പിന്നീട് ചൈനയെ ഒരു കരുത്തുറ്റ ശക്തിയായി വളര്‍ത്തിയിരിക്കുന്നത്. ഈ പരിഷ്‌കരണത്തിന്റെ മറപറ്റി സോഷ്യലിസ്റ്റ് വ്യവസ്ഥയെ അട്ടിമറിക്കാനും അമേരിക്കന്‍ മോഡല്‍ നടപ്പിലാക്കാനും 1989 ല്‍ ടിയാനെന്‍മെന്‍ സ്‌ക്വയറില്‍ നടന്ന വിദ്യാര്‍ഥികലാപം വഴി ശ്രമമുണ്ടായെങ്കിലും അതിനെയുംഅതിജീവിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കായി.

2012-ല്‍ ഷി ജിന്‍ പിങ് പാര്‍ട്ടി സെക്രട്ടറിയായും പ്രസിഡന്റായും നിയമിതമായതോടെയാണ് ചൈനയെ ലോകത്തിലെ വന്‍ശക്തിയായി ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയത്. ഇത് അമേരിക്കന്‍ ചേരിയെ സംബന്ധിച്ച് പ്രതീക്ഷിച്ചതിലും അപ്പുറമായിരുന്നു. അതോടൊപ്പം തന്നെ ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും അഴിമതി തുടച്ചുനീക്കാനുമുള്ള നടപടിക്കും വേഗതയേറി. ഈ വേഗതയാണിപ്പോള്‍ എതിരാളികളെയും ചൊടിപ്പിച്ചിരിക്കുന്നത്. ‘കമ്യൂണിസ്റ്റ് ചൈന വീണു’ എന്ന് പ്രചരിപ്പിക്കുന്നതും ഇക്കൂട്ടരാണ്. അതും നാം തിരിച്ചറിയേണ്ടതുണ്ട്.


EXPRESS KERALA VIEW

Top