എണ്ണവില ഇടിവ്; ഒമാന്റെ പൊതുവരുമാനത്തില്‍ കുറവ്

മസ്‌കത്ത്: ഒമാന്റെ പൊതുവരുമാനത്തില്‍ കുറവ് രേഖപ്പെടുത്തി. മേയ് അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 3.55 ശതകോടി റിയാലാണ് പൊതുവരുമാനത്തില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 18.86 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

എണ്ണവില ഇടിവും ഉല്‍പാദനത്തിലെ കുറവുമാണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. എണ്ണയില്‍ നിന്നുള്ള വരുമാനത്തില്‍ 23.06 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകൃതിവാതകത്തില്‍ നിന്നുള്ള വരുമാനത്തില്‍ 7.08 ശതമാനത്തിന്റെ കുറവും ഉണ്ടായിട്ടുണ്ട്.

ചെലവ് ചുരുക്കല്‍ നടപടികള്‍ രാജ്യത്ത് ആരംഭിച്ചു കഴിഞ്ഞു. 4.44 ശതകോടി റിയാലാണ് ഇക്കാലയളവിലെ പൊതുചെലവ്. കഴിഞ്ഞ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് പൊതുചെലവില്‍ 2.92 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 890.2 ദശലക്ഷം റിയാലാണ് ബജറ്റ് കമ്മിയെന്ന് ധനകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

എണ്ണ മേഖലയുടെ വരുമാനവും ചെലവുകളും കൈകാര്യം ചെയ്യുന്നതിനായുള്ള എനര്‍ജി ഡെവലപ്‌മെന്റ് ചെലവുകള്‍ ബജറ്റിലാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെ ചെലവുകളില്‍ നിയന്ത്രണം വരുത്തുന്നതിനായി ഇലക്ട്രോണിക് സംവിധാനം വികസിപ്പിച്ചെടുക്കുന്ന നടപടികള്‍ ആരംഭിച്ചതായി ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.

 

Top