കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞതില്‍ വീഴ്ച; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

kerala hc

തൃശ്ശൂര്‍: തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നല്‍കാത്ത സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നു കോടതി റിപ്പോര്‍ട്ട് തേടി. മേയ് 4 ന് ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം നടന്നത്.

മൃതദേഹം സംസ്‌ക്കരിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരും ബന്ധുക്കളുമാണ് ആക്ഷേപവുമായി രംഗത്തെത്തിയത്. തലയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയ്‌ക്കെത്തിയ ആമ്പല്ലൂര്‍ സ്വദേശി രാമകൃഷ്ണന്റെ ഭാര്യ പാര്‍വതി മരിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം സുരക്ഷിതമായി പൊതിയാതെ വെളുത്ത തുണിയില്‍ അലക്ഷ്യമായി പൊതിഞ്ഞു നല്‍കിയെന്നാണ് സന്നദ്ധപ്രവര്‍ത്തകരായി എത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചത്.

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നിഷേധാത്മക സമീപനമാണ് സ്വീകരിച്ചതെന്നും ഇതിനെതിരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ആരോപണം ആശുപത്രി അധികൃതര്‍ നിഷേധിച്ചിരുന്നു. മൃതദേഹം പ്രോട്ടോക്കോള്‍ പ്രകാരം പൊതിയാനായി അടുത്തുള്ള കെട്ടിടത്തിലേക്ക് മാറ്റാന്‍ ആശുപത്രിയിലെ ആംബുലന്‍സാണെന്ന് കരുതിയാണ് വാഹനത്തില്‍ കയറ്റിയതെന്നായിരുന്നു വിശദീകരണം.

 

Top