അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പ് ‘ഫലക്ക്‌നുമ ദാസ്’ ; ട്രെയ്‌ലര്‍ പുറത്തിറങ്ങി

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ മലയാള ചിത്രം അങ്കമാലി ഡയറീസിന്റെ തെലുങ്ക് പതിപ്പാണ് ഫലക്ക്‌നുമ ദാസ്. ചിത്രത്തിന്റെ ട്രെയലര്‍ പുറത്തിറങ്ങി. വിശ്വാക് സെന്നാണ് സംവിധാനം. ചിത്രത്തില്‍ പെപ്പെയെന്ന പ്രധാന കഥാപാത്രമായും വിശ്വാക് എത്തുന്നു.

സലോനി മിശ്ര, ഹര്‍ഷിത ഗൗര്‍, പ്രശാന്തി , ഉട്ടേജ്, തരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നല്‍കുന്നത് വിവേക് സാഗര്‍ ആണ്. നാല് ഭാഷകളില്‍ ചിത്രത്തിന്റെ റീമേക്ക് അവകാശം വിറ്റുപോയിട്ടുണ്ട്. അങ്കമാലി ഡയറീസിന്റേതായി വരുന്ന ആദ്യ റീമേക്ക് കൂടിയാണ് ഫലക്ക്‌നുമ ദാസ്. ചിത്രത്തിന്റെ മറാഠി റീമേക്കിന്റെ പേര് കോലാപൂര്‍ ഡയറീസ് എന്നാണ്.

പുതുമുഖങ്ങളെ പ്രധാനകഥാപാത്രങ്ങളാക്കി ലിജോ ഒരുക്കിയ അങ്കമാലി ഡയറീസ് മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. ആന്റണി വര്‍ഗീസ്, അപ്പാനി ശരത്, അന്ന രാജന്‍ തുടങ്ങിയ താരങ്ങളെല്ലാം സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. ചെമ്പന്‍ വിനോദ് ജോസ് തിരക്കഥയെഴുതിയ സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മിച്ചത്.

Top