കള്ളവോട്ട് ചെയ്‌തെന്ന് പറയുന്നതിന് പിന്നില്‍ സി.പി.എം; മീണയ്ക്ക് എതിരെ ലീഗ്

തിരുവനന്തപുരം:കല്യാശേരിയിലെ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ ലീഗ് രംഗത്തെത്തി. ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം നിരന്തരമായി ആവശ്യപ്പെട്ടതിന്റെ പേരിലാണ് ടിക്കാറാം മീണയുടെ വാര്‍ത്താ സമ്മേളനമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആരോപിച്ചു.

കള്ളവോട്ട് പോലുള്ള കാര്യങ്ങളില്‍ തെറ്റിനെ തെറ്റായി കാണണമെന്ന നിലപാടാണ് ലീഗിനുള്ളത്. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. കൂടുതല്‍ കാര്യങ്ങള്‍ കണ്ണൂര്‍ ജില്ലാ ലീഗ് കമ്മിറ്റിയോട് ചോദിച്ചിട്ട് മാത്രമേ പറയാനാകൂ. പക്ഷേ, ഏകപക്ഷീയമായി സി.പി.എമ്മിനെതിരെ മാത്രം നടപടിയെടുക്കുന്നുവെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ടിക്കാറാം മീണ ബാലന്‍സ് ചെയ്തതാകാം- മജീദ് പറഞ്ഞു.

കല്യാശേരിയില്‍ ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ.എം. എന്നിവര്‍ കള്ളവോട്ട് ചെയ്തതായാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥിരീകരിച്ചത്. മുഹമ്മദ് ഫയിസ് രണ്ട് ബൂത്തില്‍ വോട്ടുചെയ്തു. അബ്ദുള്‍ സമദ് ഒരേ ബൂത്തില്‍ രണ്ടുതവണ വോട്ടു ചെയ്തു. മുഹമ്മദ് കെ എം മൂന്നുതവണ ബൂത്തിലെത്തി. മുഹമ്മദ് ഗള്‍ഫിലുള്ള സക്കീറിന്റെ വോട്ടും രേഖപ്പെടുത്തി. അതേസമയം നാലാമനായ ആഷിഖിന്റെ കാര്യത്തില്‍ വ്യക്തതയില്ലെന്നുമാണ് ടിക്കാറാം മീണ പറഞ്ഞത്. കള്ള വോട്ട് വിഷയത്തില്‍ കലക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും അവരും നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കിയിരുന്നു.

Top