കള്ളവോട്ട്; മുഹമ്മദ് ഫായിസും ആഷിഖും നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി

കാസര്‍കോട്: കള്ളവോട്ട് വിവാദത്തില്‍ കാസര്‍കോട് ജില്ലാ കളക്ടറുടെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി. കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി.

കുറ്റാരോപിതരായ മുഹമ്മദ് ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫായിസ് രണ്ടു തവണ വോട്ടു ചെയ്‌തെന്ന് കണ്ടെത്തിയതായി കളക്ടര്‍ ഡി സജിത് ബാബു പറഞ്ഞു. ഫായിസ് 69-ാം നമ്പര്‍ ബൂത്തിലും 70-ാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തതായാണ് തിരിച്ചറിഞ്ഞത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. മറ്റൊരാളും കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ആഷിഖ് എന്നയാള്‍ 69-ാംനമ്പര്‍ ബൂത്തില്‍ രണ്ടു തവണ വോട്ടു ചെയ്തതായാണ് സ്ഥിരീകരിച്ചത്. ഇയാളോടും നാളെ നേരിട്ട് ഹാജരാകാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി.

കള്ളവോട്ട് നടന്നിട്ടും ഇരുബൂത്തുകളിലെയും പോളിങ് ഏജന്റുമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നില്ലെന്നാണ് ബൂത്തില്‍ പോളിംഗ് ഡ്യൂട്ടി ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് മൊഴി നല്‍കിയത്.

കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലെ പുതിയങ്ങാടി ജമാഅത്ത് സ്‌കൂളിലെ രണ്ട് ബൂത്തുകളില്‍ കള്ളവോട്ട് നടന്നതായാണ് പരാതി. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ആഷിഖ്, ഫായിസ് എന്നിവര്‍ ഈ ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തെന്നായിരുന്നു സി.പി.എമ്മിന്റെ ആരോപണം. തുടര്‍ന്ന് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും സി.പി.എം. പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ കളക്ടറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കിയിരുന്നു.

Top