എസ്.ഐക്കെതിരെ കണ്ണീര്‍ വീഡിയോ പുറത്തിറക്കിയവന്‍ ഇപ്പോള്‍ കണ്ണീരിലായി !

മലപ്പുറം: പൂക്കോട്ടുംപാടം എസ്.ഐ അമൃത്രംഗനെതിരെ കണ്ണീര്‍ വീഡിയോ വൈറലാക്കിയത് മോഷണക്കേസിലടക്കം ശിക്ഷ അനുഭവിച്ച നിരവധി കേസുകളില്‍ പ്രതിയായ റൗഡി ലിസ്റ്റിലുള്ള കരുളായി സ്വദേശിയായ ക്രിമിനല്‍.

സോഷ്യല്‍ മീഡിയയില്‍ കഥയറിയാതെ എസ്.ഐയെ പൊങ്കാലയിട്ടവര്‍ക്ക് മുന്നില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്‌സ്പ്രസ് കേരളയുടെ അന്വേഷണത്തില്‍ ചുരുളഴിയുന്നത്.

ആക്ഷന്‍ ഹീറോ ബിജു സ്റ്റൈലില്‍ നിയമലംഘകര്‍ക്കും ക്രിമിനലുകള്‍ക്കും നേരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന എസ്.ഐക്കെതിരെ സോഷ്യല്‍മീഡിയയില്‍ അപകീര്‍ത്തി വീഡിയോ ഒരുക്കിയതിനു പിന്നില്‍ എസ്റ്റേറ്റ് കൈയ്യേറ്റവും മൃഗവേട്ടയുമടക്കം നിരവധി കേസുകളില്‍ പ്രതിയായ ക്രിമിനലാണെന്ന് പൊലീസ് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.

പൂക്കോട്ടുംപാടത്ത് ഗുണ്ടാ ക്രിമിനല്‍ സംഘത്തെ അടിച്ചമര്‍ത്തിയും ലഹരിമാഫിയയെ പിടികൂടിയുമാണ് അമൃത്രംഗന്‍ നാട്ടുകാര്‍ക്കിടയില്‍ താരമായത്.

ഈ വര്‍ഷം 76 മയക്കുമരുന്നു കേസുകളിലായി 93 പേരെ അറസ്റ്റ് ചെയ്ത സംസ്ഥാനത്തെ മികച്ച ട്രാക് റെക്കോര്‍ഡാണ് അമൃത്രംഗനുള്ളത്.

കൈക്കൂലിയുടെ ബലത്തില്‍ പൊലീസ് ഏമാന്‍മാരുടെ തോളില്‍ കൈയ്യിട്ട് പൊലീസ് സ്റ്റേഷനില്‍ വിലസിയിരുന്ന ക്രിമിനലുകള്‍ക്ക് ഇതോടെ പൊലീസ് സ്റ്റേഷന്‍ പേടി സ്വപ്നമായി.

ഓഫീസില്‍ മദ്യ സല്‍ക്കാരം നടത്തി വിലസിയിരുന്ന ഇയാളും ഇതോടെ എസ്.ഐയുടെ നോട്ടപുള്ളിയായി.

മദ്യസേവ നടത്തിയ ഈ വ്യക്തിയുടെ സുഹൃത്തിനെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കെട്ടിറങ്ങിയ ശേഷമാണ് വിട്ടയച്ചത്.

പൂക്കോട്ടുംപാടം റീഗള്‍ എസ്റ്റേറ്റ് ഗുണ്ടാ സംഘത്തെ ഉപയോഗിച്ച് പിടിച്ചെടുക്കാന്‍ ശ്രമിച്ച കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ ചങ്കൂറ്റം കാട്ടിയ എസ്.ഐയാണ് അമൃത്രംഗന്‍. അന്ന് മൂന്നു ദിവസത്തിനകം എസ്.ഐയെ മാറ്റിയില്ലെങ്കില്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്ന് എം.എല്‍.എ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. എന്നാല്‍ രണ്ടര വര്‍ഷമായിട്ടും എസ്.ഐ ഇതേ സ്റ്റേഷനില്‍ തുടരുകയാണ്.

26196769_757692797765339_1370882076_n (1)

റീഗള്‍ എസ്റ്റേറ്റില്‍ ആദിവാസികളെക്കൊണ്ട് കുടില്‍കെട്ടിച്ച സംഭവത്തില്‍ അന്വേഷിക്കാനെത്തിയ എസ്.ഐക്കെതിരെ ഇയാളുടെ നേതൃത്വത്തില്‍ പരാതി നല്‍കിച്ച് കേസില്‍ കുടുക്കാനും ശ്രമമുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഭൂമി നല്‍കിയ സ്വന്തമായി വീടും സ്ഥലവുമുള്ളവരാണ് കുടില്‍കെട്ടിയതെന്നു വ്യക്തമായതോടെ ഇതും ചീറ്റിപ്പോവുകയായിരുന്നു.

ഒടുവിലാണ് അറ്റകൈക്ക് നിരവധി കേസുകളില്‍ പ്രതിയായ ഈ കരുളായി സ്വദേശി എസ്.ഐ പീഡിപ്പിക്കുന്നതായി കണ്ണീര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്.

രണ്ടു കേസില്‍ ശിക്ഷിക്കപ്പെട്ട പ്രകൃതിവിരുദ്ധ പീഢനമടക്കമുള്ള കേസുകളിലെ പ്രതി കൂടിയാണ് ‘ഈ മാന്യന്‍’.റബര്‍ ഷീറ്റ് മോഷ്ടിച്ചു വില്‍പന നടത്തിയതിന് നിലമ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് ഇയാള്‍ പുറത്തിറങ്ങിയത്.

മണല്‍ കടത്തിയതിന് പൂക്കോട്ടുംപാടം പൊലീസ് രജിസറ്റര്‍ ചെയ്ത കേസിലും ശിക്ഷ അനുഭവിച്ചു. മമ്പാട്ട്മൂല സ്വദേശിയായ യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് കൊല്ലാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസുണ്ട്.

പരസ്ത്രീബന്ധം ചോദ്യം ചെയ്തതിലുള്ള വിരോധത്തിന് ഭാര്യാ പിതാവിനെയും മാതാവിനെയും ഭീഷണിപ്പെടുത്തിയെന്ന പരാതിയും നിലവിലുണ്ട്. ഇവയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

Top