ജോ ജോസഫിന്റെ വ്യാജ വീഡിയോ: കെടിഡിസി ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: തൃക്കാക്കരയിലെ ഇടതുസ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കെടിഡിസി ജീവനക്കാരൻ അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസൻ ആണ് അറസ്റ്റിലായത്. കെടിഡിസി ജീവനക്കാരനായ ഇയാൾ യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹി ആണെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തിൽ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പ്രതികൾ വ്യാജ ഐഡി ഉണ്ടാക്കിയാണ് ഫെയ്‌സ്ബുക്കിൽ വ്യാജ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കണ്ണൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി എൽഡിഎഫ് മണ്ഡലം സെക്രട്ടറി എം സ്വരാജ് ഡിജിപിക്ക് പരാതി നൽകിയിരുന്നു.

തൃക്കാക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്നും, വ്യക്തിപരമായ ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് പറഞ്ഞു. കുടുംബത്തെ പോലും ബാധിക്കുന്ന സൈബർ ആക്രമണങ്ങൾ എതിർക്കപ്പെടേണ്ടതാണെന്ന് ബിജെപി സ്ഥാനാർഥി എഎൻ രാധാകൃഷ്ണനും പറഞ്ഞു.

Top