ഫഹദ് ഫാസില്‍ ചിത്രം ‘മാലിക്’ ന്റെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍

ഫഹദ് ഫാസില്‍ – മഹേഷ് നാരായണന്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ‘മാലിക്’ സിനിമയുടെ വ്യാജ പതിപ്പ് ടെലിഗ്രാമില്‍. ഒ ടി ടി പ്ലാറ്റഫോമായ ആമസോണ്‍ പ്രൈമില്‍ റിലീസായി മിനിറ്റുകള്‍ക്കകമാണ് സിനിമയുടെ പതിപ്പ് ടെലിഗ്രാമില്‍ എത്തിയത്. നേരത്തെ പൈറസി തടയണമെന്ന് സര്‍ക്കാര്‍ ടെലിഗ്രാമിനോട് ആവശ്യപ്പെട്ടിരുന്നു.

തീയേറ്റര്‍ റിലീസിനായി പരമാവധി ശ്രമിച്ചെങ്കിലും കൊവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള അനിശ്ചിതത്വം തുടരുന്നതിനാല്‍ ഓ ടി ടി റിലീസിന് നിര്‍മാതാക്കള്‍ തയ്യാറാവുകയായിരുന്നു. ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികള്‍ക്കെതിരായ ജീവിത സമരം ഉള്‍പ്പെടുന്ന യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പൊളിറ്റിക്കല്‍ ഡ്രാമയാണ് ‘മാലിക്’. സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ അവതരിപ്പിക്കുന്നത്. ചിത്രം വേള്‍ഡ്‌വൈഡ് റിലീസാണ്.

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് മാലിക്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് നിര്‍മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, ചന്ദുനാഥ് എന്നിവരും അഭിനയിക്കുന്നുണ്ട്.

അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്. തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച ഫഹദിന്റെ ലുക്കിന്റെ പേരിലാണ് ചിത്രം തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായത്.

 

Top