ഹജ്ജിനു വേണ്ടി വ്യാജ വാക്സിന്‍, നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകള്‍; 122 പേര്‍ പിടിയില്‍

റിയാദ്: ഹജ്ജ് യാത്രയ്ക്ക് സൗകര്യമൊരുക്കുന്നതിനായി വ്യാജ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകളും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ച് വിതറണം ചെയ്യുന്ന സംഘം സൗദിയില്‍ അറസ്റ്റിലായി. സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്തുന്നവരും തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചവരും പണം നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ സ്വന്തമാക്കിയവരും ഉള്‍പ്പെടെയാണ് 122 പേരെ സൗദി അന്വേഷണ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

സോഷ്യല്‍ മീഡിയ വഴിയായിരുന്നു തട്ടിപ്പിനായി സംഘം ആളുകളെ കണ്ടെത്തിയിരുന്നത്. സംഘത്തിലെ 12 പേരെ ഈ മാസം ആദ്യം സൗദി അഴിമതി വിരുദ്ധ വിഭാഗമായ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസാഹ) അധികൃതര്‍ പിടികൂടിയിരുന്നു.

ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. തട്ടിപ്പു സംഘം വാക്സിനെടുക്കാത്തവര്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും ഒരു ഡോസ് മാത്രം എടുത്തവര്‍ക്ക് രണ്ട് ഡോസ് എടുത്തതായുള്ള സര്‍ട്ടിഫിക്കറ്റും കൊവിഡ് പരിശോധന നടത്താതെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും നിര്‍മിച്ചു നല്‍കിയതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.

നിലവിലെ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തലുകള്‍ വരുത്തിയും സംഘം പണം വാങ്ങിയിരുന്നു. അറസ്റ്റിലായ 122 പേരില്‍ ഏഴു പുരുഷന്മാരും രണ്ടു സ്ത്രീകളും ഉള്‍പ്പെടെ ഒന്‍പതു പേര്‍ സ്വദേശികളായ ആരോഗ്യ മന്ത്രാലയം ജീവനക്കാരാണ്. ഒന്‍പത് സ്വദേശികളും 12 പ്രവാസികളും തട്ടിപ്പിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചു. 76 പൗരന്മാരും 16 പ്രവാസികളും ഉള്‍പ്പെടെ 92 പേരാണ് വന്‍ തുക നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റും നേടിയെടുത്തതിന് പിടിയിലായത്. ഇവര്‍ക്കെതിരേ പ്രൊസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായി പൊലിസ് അറിയിച്ചു.

 

Top