‘കെ കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജപ്രചരണം’; നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ്

കണ്ണൂര്‍: കെ കെ ശൈലജയുടെ ഫോട്ടോ ഉപയോഗിച്ച് സോഷ്യല്‍മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എംഎല്‍എയുടെ ഓഫീസ് അറിയിച്ചു. കേരളീയം 2023 പരിപാടി ധൂര്‍ത്താണെന്ന് കെകെ ശൈലജ പറഞ്ഞെന്ന തരത്തിലാണ് വ്യാജപ്രചരണം നടക്കുന്നത്്. ‘കാരുണ്യ പദ്ധതി നിലച്ചു, സപ്ലൈകോയില്‍ അവശ്യവസ്തുക്കള്‍ കിട്ടാനില്ല, ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍, ഇതിനിടയിലും 27 കോടി പൊടിപൊടിച്ചത് ധൂര്‍ത്താ’ണെന്ന് കെ കെ ശൈലജ പറഞ്ഞെന്ന രീതിയില്‍ ഫോട്ടോ സഹിതമുള്ള വ്യാജപ്രചരണമെന്ന് ഓഫീസ് അറിയിച്ചു.

എന്നാല്‍, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയതിന് പിന്നാലെ കേരളീയം പോലുള്ള ആഘോഷ പരിപാടികളെ വിമര്‍ശിച്ച് ഹൈക്കോടതി രംഗത്തെത്തി. ഒരു പൗരനെങ്കിലും ദുരിതത്തിലാണെങ്കില്‍ സംസ്ഥാനം ആഘോഷത്തിലമരുമെന്ന് കരുതാന്‍ കഴിയില്ല. ഇക്കാര്യമാണ് ഭരണാധികാരികള്‍ മനസിലാക്കേണ്ടത്. ചിലരുടെ കണ്ണുനീരും വേദനയും മതി എല്ലാവരുടെയും കണ്ണ് തുറപ്പിക്കാന്‍. ആഘോഷ പരിപാടികളേക്കാള്‍ മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധ്യാന്യം നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ വൈകുന്നതിനെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമര്‍ശിച്ചത്.

സാമ്പത്തിക പ്രതിസന്ധി മൂലമാണ് പെന്‍ഷന്‍ വിതരണത്തിന് പണം അനുവദിക്കാന്‍ സാധിക്കാത്തതെന്നാണ് ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് പോലും പണം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് നവംബര്‍ 30നുള്ളില്‍ ഒക്ടോബര്‍, നവംബര്‍ മാസത്തെ പെന്‍ഷന്‍ നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇത് നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും കോടതിയില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേരളീയം പോലുള്ള ആഘോഷ പരിപാടികളേക്കാള്‍ മനുഷ്യന്റെ ബുദ്ധിമുട്ടുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് കോടതി പറഞ്ഞത്. ഈ മാസം 30 നകം ഒക്ടോബര്‍ മാസത്തെ പെന്‍ഷന്‍ കൊടുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിക്ക് ഉറപ്പുനല്‍കി.

Top