വ്യാജ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിച്ചു; വാഗ്ദാനങ്ങള്‍ നല്‍കിയ പ്രതി പിടിയില്‍

പ്രമുഖ സംവിധായിക അഞ്ജലി മേനോന്റെ പേരില്‍ വ്യാജ ഫെയ്‌സ് ബുക്ക് പ്രൊഫൈല്‍ നിര്‍മ്മിച്ച യുവാവ് അറസ്റ്റില്‍. അതോടൊപ്പം സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന തരത്തിലുള്ള വാഗ്ദാനവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു.

കൊല്ലത്തുള്ള ദിവിന്‍ ജെയാണ് അറസ്റ്റിലായിരിക്കുന്നത്. ഒട്ടേറെപ്പേരെയാണ് ഇയാള്‍ തട്ടിപ്പിന് ഇരയാക്കിയെന്നാണ്‌ വിവരം. അഞ്ജലി മേനോന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ കേരള പൊലീസ് ആണ് ഇക്കാര്യം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.

കേരള പൊലീസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

സിനിമാ സംവിധായികയുടെ പേരില്‍ വ്യാജപ്രൊഫൈല്‍ നിരവധിപേരെ വഞ്ചിച്ച പ്രതി പിടിയില്‍

പ്രമുഖ സംവിധായിക അഞ്ജലി മേനോന്‍ ഉള്‍പ്പെടെ സിനിമാ മേഖലയിലുള്ളവരുടെ വ്യാജ ഫേസ്ബുക് പ്രൊഫൈല്‍ നിര്‍മിക്കുകയും അതിലൂടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി നിരവധിപേരെ വഞ്ചിച്ചയാളെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ജില്ലയിലെ ഓച്ചിറവില്ലേജില്‍ കാഞ്ഞിരക്കാട്ടില്‍ വീട്ടില്‍ ജയചന്ദ്രന്‍ മകന്‍ ദിവിന്‍ ജെ(വയസ് 32) ആണ് പ്രതി. ഇയാള്‍ ആള്‍മാറാട്ടം നടത്തി നിരവധിപേരെ തട്ടിപ്പിനിരക്കിയ വിവരം അറിഞ്ഞ സംവിധായിക അഞ്ജലി മേനോന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു. ഇയാള്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കാളുകള്‍ ഇന്റര്‍നെറ്റ് കാളുകളാക്കി മാറ്റിയാണ് ആളുകളെ കബളിപ്പിച്ചത്.

പൊലീസ് കേസ് എടുത്തതിനെത്തുടര്‍ന്ന് പ്രതി തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പിടികൂടാനായത്.

Top