വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിച്ചു; സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി

ദുബായ്: ദുബായില്‍ വ്യാജ ഉല്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. 30 വെബ്‌സൈറ്റുകളാണ് ദുബായ് സാമ്പത്തിക വികസന വകുപ്പ് അടപ്പിച്ചത്. വ്യാജ ഉല്‍പ്പന്നങ്ങള്‍ക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് നടപടിയെടുത്തിരിക്കുന്നത്.4,879 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളാണ് ദുബായ് സാമ്പത്തികവികസന വകുപ്പ് അടപ്പിച്ചത്. ഈ അക്കൗണ്ടുകള്‍ക്ക് 33 ദശലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ടായിരുന്നു.

ബ്രാന്‍ഡ് ഉടമകളുടെ കൂടി സഹകരണത്തോടെയായിരുന്നു നടപടിയെടുത്തിരിക്കുന്നത്. നിയമവിരുദ്ധമായി ഉത്പന്നങ്ങള്‍ വില്‍പ്പനയ്ക്ക് വെക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി 24 മണിക്കൂറും സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ബാഗ്, പെര്‍ഫ്യൂമുകള്‍, വാച്ച്, ആക്‌സസറീസ്, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയാണ് വിറ്റഴിച്ചിരുന്നത്.

ഇവ വന്‍തോതില്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൌസുകളും അധികൃതര്‍ അടപ്പിച്ചു. വ്യാജ ഉല്പന്നങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 600545555 എന്ന ഫോണ്‍ നമ്പറിലോ,Dubaiconsumers എന്ന ഇന്‍സ്റ്റ, ട്വിറ്റര്‍ അക്കൗണ്ടുകള്‍ വഴിയോ അധികൃതരെ വിവരമറിയിക്കാം.

Top