ബിപ്ലബ്‌ ദേബിനെതിരെയുള്ള വ്യാജ പോസ്റ്റ്; പ്രതിയെ രണ്ട് ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ത്രിപുര: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ്‌ കുമാര്‍ ദേബിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ‘വ്യാജ വാര്‍ത്ത’ പോസ്റ്റ് ചെയ്‌തെന്നാരോപിച്ചു അറസ്റ്റിലായ അനുപം പോള്‍ എന്നയാളെ 2 ദിവസത്തെയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. രേഖകള്‍ കെട്ടിച്ചമച്ചു, ചതി, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഒളിവിലായിരുന്ന ഇയാളെ കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയില്‍ നിന്ന് ത്രിപുര ക്രൈബ്രാഞ്ച് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് പൊലീസ് ഇയാളെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശര്‍മിസ്ത മുഖര്‍ജിയുടെ മുന്‍പില്‍ ഹാജരാക്കിയത്. ചൊവ്വാഴ്ച ഇയാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

അനുപം പോളിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ഫ്രീലാന്‍സ് ടെലിവിഷന്‍ ജേര്‍ണലിസ്റ്റ് സൈകാത് തലാപത്രയെയും മറ്റൊരു പൊലീസ് കോണ്‍സ്റ്റബിളിനെയും ത്രിപുര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയും ഭാര്യയും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്ന് തരത്തിലുള്ള വ്യാജ പോസ്റ്റുകളാണ് അനുപം പോള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യകക്ഷി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഡാലോചനയുടെ ഭാഗമാണിതെന്നും തന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും ബിപ്ലബ് ദേബ് പറഞ്ഞിരുന്നു. ത്രിപുര ബി.ജെ.പി ഘടകം വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

Top