തന്റേതെന്ന പേരില്‍ വ്യാജ അശ്ലീല വീഡിയോ; പൊലീസില്‍ പരാതി നല്‍കി സദാനന്ദ ഗൗഡ

Sadananda Gowda

ബംഗളൂരു: തന്റേതെന്ന തരത്തില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ പരാതി നല്‍കി. രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജമായി നിര്‍മിച്ച വീഡിയോയാണ് പ്രചരിപ്പിക്കുന്നതെന്ന് ബംഗളൂരുവിലെ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

സദാനന്ദ ഗൗഡ എം.പിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ലക്ഷ്യമിട്ടാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ വീഡിയോ പ്രചരിപ്പിക്കുന്നത് ഉടന്‍ തടയണമെന്നും വ്യാജ വീഡിയോ നിര്‍മിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജ അശ്ലീല വീഡിയോയില്‍ ഉള്ളത് താനല്ലെന്ന് അഭ്യുദയകാംഷികളെ അറിയിക്കുന്നുവെന്ന് സദാനന്ദ ഗൗഡ പറഞ്ഞു. തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. തന്റെ രാഷ്ട്രീയ വളര്‍ച്ചയില്‍ അസ്വസ്ഥത ഉള്ളവരാണ് വ്യാജ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കുന്നതെന്ന് സദാനന്ദ ഗൗഡ ആരോപിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ വൈറലായത് തന്നെ അസ്വസ്ഥനാക്കിയെന്നും ഗൗഡ പറഞ്ഞു.

 

Top