ഓണ്‍ലൈന്‍ ക്ലാസില്‍ അധ്യാപകനെന്ന വ്യാജേന ഫോണ്‍ വിളി; കുട്ടികളുടെ നഗ്‌ന ഫോട്ടോകള്‍ ആവശ്യപ്പെട്ടു

മലപ്പുറം: അധ്യാപകനെന്ന വ്യാജേന കൗണ്‍സിലിങ്ങിനെന്ന പേരില്‍ , കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് അജ്ഞാതന്റെ ഫോണ്‍ കോള്‍. വാട്‌സ് ആപ്പ് ഡിപിയായി കുട്ടികളുടെ ചിത്രം വക്കാനും, വാതിലടച്ച് ഒറ്റക്കിരിക്കാനുമായിരുന്നു നിര്‍ദ്ദേശം. മലയോര മേഖലയിലെ മിക്ക വിദ്യാലയങ്ങളിലേ ഓണ്‍ലൈന്‍ ക്ലാസുകളിലേയും കുട്ടികളെ ഇയാള്‍ വിളിച്ചതായി പരാതിയുണ്ട്.

ജൂലൈ പന്ത്രണ്ടാം തീയതി വെള്ളയൂര്‍ യുപി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ യു ദേവിദാസിന്റെ പേരിലും വ്യാജ കോള്‍ എത്തിയതോടെ, അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരിചയമില്ലാത്ത നമ്പറില്‍ നിന്ന് പ്രധാനാധ്യാപകന്‍ എന്ന പേരില്‍ അജ്ഞാതന്റെ ഫോണ്‍ എത്തിയതോടെ വീട്ടുകാര്‍ ചോദ്യം ചെയ്യുകയായിരുന്നു.

കുട്ടിയോട് കൗണ്‍സിലിങ്ങിനെന്ന വ്യാജേന ശാരീരികവും മാനസികവുമായ കാര്യങ്ങളേക്കുറിച്ച് ചോദിച്ചു തുടങ്ങിയപ്പോള്‍ കുട്ടി ഫോണ്‍ രക്ഷിതാക്കള്‍ക്ക് കൈമാറുകയായിരുന്നു. സംഭവമറിഞ്ഞതോടെ പ്രധാനധ്യാപകര്‍ യു ദേവിദാസ് പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് വാണിയമ്പലത്തെ പെണ്‍കുട്ടിക്ക് വന്ന കോള്‍ റെക്കാര്‍ഡ് ചെയ്തതോടെയാണ് തട്ടിപ്പ് ആദ്യമായി പുറത്തറിയുന്നത്.

ഇതോടെ ദേവിദാസ് കാര്യങ്ങള്‍ വിശദീകരിച്ചുള്ള വീഡിയോ തയ്യാറാക്കി രക്ഷിതാക്കള്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്തു. മിക്കവര്‍ക്ക് വന്നതും ഒരേ ശബ്ദത്തില്‍ ഒരേ കാര്യങ്ങള്‍ ചോദിക്കുന്നതാണ്. ചുരുക്കം പേര്‍ മാത്രമാണ് കോള്‍ റേക്കാഡ് ചെയ്തതെന്ന് മാത്രം. ഇത് എല്ലാം ഒരാള്‍ത്തന്നെയായിരിക്കുമെന്ന നിഗമനത്തിലാണ് അധ്യാപകര്‍. വിവിധ വിദ്യാലയങ്ങളിലെ 6, 9, 10 ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്കാണ് വ്യാജ കോളുകള്‍ വന്നത്.

പരിചയപ്പെട്ടതിനു ശേഷം കുട്ടികളുടെ നഗ്‌ന ഫോട്ടോകള്‍ ആവശ്യപ്പെടുന്നതാണ് രീതി. കുട്ടികള്‍ വഴി അമ്മമാരെ ലക്ഷ്യമിടുന്നതായും സംശയിക്കുന്നുണ്ട്.കൂടുതല്‍ പേര്‍ക്ക് ഇത്തരത്തില്‍ ഫോണുകള്‍ വന്നിട്ടും, ഭയം കാരണം പലരും പുറത്ത് പറയാത്ത അവസ്ഥയുമുണ്ട്. വീടിനകത്തേ ഓണ്‍ലൈന്‍ ക്ലാസിലും കുട്ടികള്‍ സുരക്ഷിതരല്ലാതായി മാറിയതോടെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

 

Top